മസ്‌കത്ത്- കൊച്ചി സര്‍വീസിന് 25 വര്‍ഷം; പ്രത്യേക ഇളവുകളുമായി ഒമാന്‍ എയര്‍
മസ്‌കത്ത്- കൊച്ചി വിമാന സര്‍വീസ് 25 വര്‍ഷം പൂര്‍ത്തിയാക്കി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. 2001ല്‍ ആരംഭിച്ച സര്‍വീസിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക നിരക്കിളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ മസ്‌കത്തിനും കൊച്ചിക്കുമിടയില്‍ ആയിരക്കണക്കിന് പേരാണ് ഒമാന്‍ എയറില്‍ യാത്ര ചെയ്തത്. കുടുംബങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ബിസിനസ്, വ്യാപാര മേഖലകളെ പിന്തുണയ്ക്കുന്നതിനും ഒമാനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിനും ഈ സര്‍വീസ് നിര്‍ണായക പങ്കുവഹിച്ചതായി ഒമാന്‍ എയര്‍ വ്യക്തമാക്കി.നിലവില്‍ ഒമാന്‍ എയറിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റൂട്ടുകളിലൊന്നാണ് മസ്‌കത്ത്- കൊച്ചി സര്‍വീസ്. ആഴ്ചയില്‍ 14 വിമാന സര്‍വീസുകള്‍ വരെ ഈ റൂട്ടില്‍ നടത്തുന്നുണ്ട്.
കൊച്ചിയിലേക്കുള്ള വിമാന സര്‍വീസിന്റെ 25–ാം വാര്‍ഷികം ഒമാന്‍ എയറിന് സുപ്രധാന നാഴികക്കല്ലാണെന്ന് ഒമാന്‍ എയറിന്റെ ഗ്ലോബല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അല്‍ മഹ്‌റൂഖി പറഞ്ഞു. ഒമാനും കേരളവും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാലവും ശക്തവുമായ ബന്ധത്തിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ നിന്ന് ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുത്ത രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബിസിനസ് ക്ലാസ് നിരക്കില്‍ 25 ശതമാനം വരെ ഇളവും ഇക്കോണമി ക്ലാസ് നിരക്കില്‍ 10 ശതമാനം വരെ ഇളവും പ്രഖ്യാപിച്ചു. ഓഫര്‍ ഓഗസ്റ്റ് 28 വരെ ലഭ്യമാണ്. ഒമാന്‍ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഓഫര്‍ പ്രയോജനപ്പെടുത്താം.
