സൗദിയിൽ പാഴ്‌സൽ ലഭിക്കാൻ ഇനി നാഷണൽ അഡ്രസ്സ് നിർബന്ധം

  1. Home
  2. Global Malayali

സൗദിയിൽ പാഴ്‌സൽ ലഭിക്കാൻ ഇനി നാഷണൽ അഡ്രസ്സ് നിർബന്ധം

saudi


സൗദി അറേബ്യയിൽ പാഴ്‌സൽ ഡെലിവറി സേവനങ്ങൾ സ്വീകരിക്കുന്നതിന് നാഷണൽ അഡ്രസ്സ് (National Address) നിർബന്ധമാക്കി മന്ത്രാലയം ഉത്തരവിറക്കി. 2026 ജനുവരി ഒന്നാം തീയതി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ നാഷണൽ അഡ്രസ്സ് ഇല്ലാത്തവർ അബ്‌ഷർ ഉൾപ്പെടെയുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി എത്രയും വേഗം വിലാസം രജിസ്റ്റർ ചെയ്യേണ്ടതാണ്. നിയമം നടപ്പിലാകുന്നതോടെ കൃത്യമായ നാഷണൽ അഡ്രസ്സ് ഇല്ലാത്ത പാഴ്‌സലുകൾ സ്വീകരിക്കാനോ കൈമാറാനോ ഡെലിവറി ചെയ്യാനോ കമ്പനികൾക്ക് സാധിക്കില്ല.

സൗദി അറേബ്യയിലെ ഓരോ വീടിനും സ്ഥാപനത്തിനും വ്യക്തികൾക്കും സർക്കാർ നൽകുന്ന ഔദ്യോഗികവും ഏകീകൃതവുമായ വിലാസമാണ് നാഷണൽ അഡ്രസ്സ്. കെട്ടിട നമ്പർ, തെരുവ്, ഡിസ്ട്രിക്റ്റ്, സിറ്റി, പോസ്റ്റൽ കോഡ്, അഡീഷണൽ നമ്പർ എന്നീ ആറ് പ്രധാന ഘടകങ്ങളാണ് ഈ വിലാസത്തിൽ ഉൾപ്പെടുന്നത്. വിലാസങ്ങൾ കൃത്യമാകുന്നതോടെ ഡെലിവറി രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. പാഴ്‌സലുകൾ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ലൊക്കേഷൻ ചോദിച്ചുകൊണ്ടുള്ള അനാവശ്യ ഫോൺ വിളികളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

അബ്‌ഷർ, തവക്കൽനാ, സിഹത്തി, സൗദി പോസ്റ്റ് (SPL) തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ലളിതമായി നാഷണൽ അഡ്രസ്സ് ലഭ്യമാക്കാവുന്നതാണ്. ഡെലിവറി പ്രവർത്തനങ്ങളിലെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുകയാണ് ഈ പുതിയ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.