നേട്ടങ്ങളുടെ നെറുകയിൽ ദേശീയ ദിനാഘോഷം; പുതിയ ലക്ഷ്യത്തിലേക്ക് കുതിച്ച് യുഎഇ

  1. Home
  2. Global Malayali

നേട്ടങ്ങളുടെ നെറുകയിൽ ദേശീയ ദിനാഘോഷം; പുതിയ ലക്ഷ്യത്തിലേക്ക് കുതിച്ച് യുഎഇ

s


വെല്ലുവിളികളെ അവസരങ്ങളാക്കി അര നൂറ്റാണ്ടുകൊണ്ട് വികസന വിഹായസ്സിലേക്കു കുതിച്ച യുഎഇ പുതിയ ലക്ഷ്യങ്ങളുമായി മുന്നോട്ട്. നേട്ടങ്ങളുടെ 54 സുവർണ വർഷങ്ങൾ പിന്നിട്ടാണ് അടുത്ത 50 വർഷത്തേക്കുള്ള പദ്ധതികളുമായി കുതിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സമസ്ത സാധ്യതകൾ എല്ലാ മേഖലകളിലും ഉപയോഗപ്പെടുത്തിവരുന്ന യുഎഇ ഈ രംഗത്ത് ലോകം ഉറ്റുനോക്കുന്ന രാജ്യമായി മാറി.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാതയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഇതര എമിറേറ്റ് ഭരണാധികാരികളുടെയും നേതൃത്വത്തിൽ ഐക്യത്തോടെ മുന്നേറുകയാണ്. രാജ്യമൊട്ടുക്ക് നടക്കുന്ന പിറന്നാൾ ആഘോഷങ്ങളിലും ഈ കൂട്ടായ്മയുടെ കരുത്ത് പ്രകടം.

രാജ്യത്തിന്റെ പിറന്നാൾ ആഘോഷം ഇത്രയേറെ രാജ്യക്കാർ ഒന്നിച്ച് ആഘോഷിക്കുന്നതും മറ്റെവിടെയും കാണാനാകില്ല. ഇവിടെ താമസിക്കുന്ന വിദേശികൾക്ക് ഭരണാധികാരികൾ നൽകുന്ന പിന്തുണയാണ് ഇതിനു കാരണം. ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക ഘോഷയാത്രയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാർ അണിനിരന്നു. യുഎഇയുടെ ദേശീയ പതാകയുമേന്തി മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനക്കാർ ആഘോഷപൂർവം കൈകോർത്തപ്പോൾ റോഡിന് ഇരുവശവും നിരന്ന വിവിധ രാജ്യക്കാർ അഭിവാദ്യമർപ്പിച്ചു.
രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത കലാപരിപാടികളും കണ്ണഞ്ചിപ്പിക്കും വെടിക്കെട്ടും ആയിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിന് ആളുകൾ ലൈവായും ആസ്വദിച്ചു. സാധ്യതകളുടെ മണൽപരപ്പിൽ സ്വപ്നങ്ങൾ കെട്ടിപ്പടുത്ത് ബഹിരാകാശ നേട്ടം വരെ കൈവരിച്ചതിന്റെ നാൾ വഴികളായിരുന്നു ആഘോഷങ്ങളിൽ മിന്നിമറഞ്ഞത്.
ഷെയ്ഖ് സായിദിന്റെയും രാഷ്ട്രത്തെ സുവർണ നിമിഷങ്ങളിലേക്കു ആനയിച്ച ഭരണാധികാരികളുടെയും സ്വദേശികളുടെയും വിദേശികളുടെയും സംഭാവനകളെല്ലാം ഈ ദിനത്തിൽ അനുസ്മരിച്ചു. അബുദാബിയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഒന്നിന് ആരംഭിച്ച പ്രത്യേക പരിപാടി നാളെ യൂണിയൻ മാർച്ചോടെ സമാപിക്കും. ദുബായ്, ഷാർജ,അജ്മാൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലും ആഴ്ചകളായി ദേശീയദിനാഘോഷ പരിപാടികൾ നടക്കുകയാണ്.

എല്ലാ എമിറേറ്റുകളിലും രാത്രി നടന്ന വെടിക്കെട്ട് ആസ്വദിക്കാൻ പതിനായിരങ്ങൾ എത്തി. ദേശീയ പതാകയുടെ വർണത്തിലുള്ള വസ്ത്രമണിഞ്ഞും മുഖത്ത് ചായം പൂശിയും വാഹനങ്ങളും കെട്ടിടവുമെല്ലാം അലങ്കരിച്ചും സ്വദേശികളും വിദേശികളും ആഘോഷപൂർവം ആഘോഷത്തിൽ പങ്കെടുത്തു. നാലു ദിവസത്തെ അവധിക്കു വിരാമമിട്ട് ഇന്നു മുതൽ ഓഫിസുകളും സ്കൂളുകളും സജീവമാകും.