നേപ്പാൾ മിന്നൽ പ്രളയം: എട്ട് മലയാളികളെ കാണാതായെന്ന് നോർക്ക റൂട്ട്സ്
നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് മലയാളികളെ കാണാതായതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഇവരുടെ പേരുവിവരങ്ങളോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് നോർക്ക ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് വ്യക്തമാക്കി.
കാണാതായ എട്ട് പേരിൽ അഞ്ച് പേർ വിദേശ പൗരത്വമുള്ളവരാണ്. ട്രാവൽ ഏജൻസികൾ വഴി നേപ്പാളിലേക്ക് യാത്ര തിർച്ചവരുടെ വിവരങ്ങളും ലഭ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കേരളം കേന്ദ്രീകരിച്ച് ഏകോപിപ്പിച്ചു വരികയാണ്. നേപ്പാളിൽ നിന്ന് ഡൽഹി ഉൾപ്പെടെയുള്ള സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിയ മലയാളികൾ സ്വന്ത നിലയിലും അല്ലാതെയും ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നാണ് നോർക്ക നൽകുന്ന വിവരം.
ഹിമവിസ്ഫോടനത്തെ തുടർന്ന് നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അനവധി ഗ്രാമങ്ങൾ പൂർണമായും തകരുകയും 2,500-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം 626 പേർ മരണപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിനും അപകടങ്ങൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
