യുഎഇയിൽ നെസ്‌ലെ പാൽ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു
യുഎഇയിൽ നെസ്‌ലെ കമ്പനിയുടെ കുട്ടികൾക്ക് വേണ്ടിയുള്ള പാൽ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്ന നടപടി അധികൃതർ വിപുലീകരിച്ചു. ബാക്ടീരിയ സാന്നിധ്യം ഭയന്ന് നേരത്തെ പ്രഖ്യാപിച്ച പട്ടികയിലേക്ക് ഒരു ഉൽപന്നം കൂടി ഉൾപ്പെടുത്തിയതായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇഡിഇ) വ്യാഴാഴ്ച രാത്രി അറിയിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട 'എസ്26 എആർ' എന്ന ഉൽപന്നമാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്.'എസ്26 എആർ' എന്ന ഉൽപന്നത്തിന്റെ 5185080661, 5271080661, 5125080661 എന്നീ ബാച്ച് നമ്പറുകളിലുള്ള ടിന്നുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. ഉൽപന്നങ്ങൾ നിർമിക്കാൻ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളിൽ 'ബാസിലസ് സെറിയസ്' എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് മുൻകരുതൽ നടപടി.
ആരോഗ്യ പ്രത്യാഘാതങ്ങൾ: ഈ ബാക്ടീരിയ 'സിറിയുലൈഡ്' എന്ന വിഷാംശം ഉൽപാദിപ്പിക്കാൻ സാധ്യതയുള്ളതാണ്. ഇത് കുട്ടികളിൽ ഛർദ്ദി, വയറുവേദന, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകൾക്കും ഭക്ഷണത്തിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. എന്നാൽ യുഎഇയിൽ ഇതുവരെ ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
