യുഎഇയിൽ സ്‌കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; ഇന്ത്യൻ സ്കൂളുകളിൽ മാറ്റമില്ല
യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തിയ നടപടി പ്രവാസി മലയാളി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നു. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ജനിച്ച കുട്ടികൾക്ക് 2026-27 അധ്യയന വർഷം മുതൽ നേരത്തെ സ്കൂൾ വിദ്യാഭ്യാസം തുടങ്ങാൻ പുതിയ പോളിസി അനുവാദം നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളൊന്നുമില്ലെന്നതാണ് ശ്രദ്ധേയം.സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന വിദേശ സിലബസ് സ്കൂളുകളെ ലക്ഷ്യം വച്ചാണ് പ്രായപരിധി ഡിസംബർ 31 വരെ നീട്ടിയിരിക്കുന്നത്. എന്നാൽ ഏപ്രിൽ മുതൽ മാർച്ച് വരെ അധ്യയന വർഷം കണക്കാക്കുന്ന ഇന്ത്യൻ സ്കൂളുകളിൽ നിലവിലുള്ള പ്രവേശന ചട്ടങ്ങൾ തന്നെ തുടരും. മാർച്ച് 31-ന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കുന്നു. ഇതനുസരിച്ച് മാർച്ച് 31-ന് ശേഷം ജനിച്ച കുട്ടികൾ മുൻപത്തെപ്പോലെ തന്നെ അടുത്ത അധ്യയന വർഷത്തിലാകും പ്രവേശനം നേടുക.
ഇന്ത്യയിലെയും യുഎഇയിലെയും പ്രവേശന ചട്ടങ്ങൾ തമ്മിലുള്ള ഏകീകരണം ഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനം. ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർഥികൾക്ക് ഗ്രേഡ് മാറ്റം, ബോർഡ് പരീക്ഷാ റജിസ്ട്രേഷൻ എന്നിവയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ രീതി സഹായിക്കും. പ്രത്യേകിച്ച് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഇന്ത്യയിലെ പ്രായപരിധി നിബന്ധനകൾ നിർണായകമായതിനാൽ രക്ഷിതാക്കൾക്ക് വ്യക്തമായ മാർഗനിർദ്ദേശം നൽകുമെന്ന് വിദ്യാലയ അധികൃതർ അറിയിച്ചു.
