സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രബല്യത്തിൽ

  1. Home
  2. Global Malayali

സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രബല്യത്തിൽ

.


റസ്റ്റോറന്റുകൾക്കും കോഫിഷോപ്പിനും ബാധകമാവുന്ന പുതിയ ഭക്ഷ്യനിയമനം ഇന്ന് മുതൽ സൗദിയിൽ പ്രാബല്യത്തിൽ. റസ്റ്റോറന്റുകളും കഫേകളും ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്ഫോമുകളും ഉൾപ്പെടെ പേപ്പറിലും ഓൺലൈൻ മെനുകളിലും ഭക്ഷണവിഭവങ്ങളിലെ ചേരുവകൾ പൂർണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് പുതിയ നിയമം. ഉപ്പിന്റെയും കാപ്പിയിലെ കഫീന്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കലോറിയുടെ അളവ്, കൊഴുപ്പ്, പഞ്ചസാര, സോഡിയത്തിന്റെ അളവ് തുടങ്ങിയ വിശദമായ പോഷകാഹാര വിവരങ്ങളും അലർജിയുണ്ടാക്കുന്നവയുടെ പട്ടികയും മെനുകളിൽ ഉൾപ്പെടുത്തണം. ചേരുവകളും അവയുടെ അളവും മനസിലാക്കി തങ്ങൾക്കിണങ്ങുന്ന ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതിനുള്ള അവസരം ഭക്ഷണശാലകൾ ഒരുക്കണം. അതിനാണ് ഭക്ഷണ ചേരുവകളുടെ വിശദാംശങ്ങളടങ്ങിയ മെനു നിർബന്ധമാക്കുന്നത്.

ഉപ്പ് ഉയർന്ന അളവിൽ ചേർത്ത ഭക്ഷണമാണെങ്കിൽ അതിനടുത്ത് 'ഉപ്പ്' എന്ന ലേബൽ സ്ഥാപിക്കണം, പാനീയങ്ങളിലെ 'കഫീൻ' അളവ് വെളിപ്പെടുത്തണം, ഓരോ ഭക്ഷണത്തിൽനിന്നും കലോറി എരിഞ്ഞുതീരാൻ ആവശ്യമായ സമയം വ്യക്തമാക്കണം എന്നിവയും പുതിയ ഭക്ഷ്യനിയമം വ്യവസ്ഥ ചെയ്യുന്നു. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് നിയമം പരിഷ്‌കരിച്ചത്. ഭക്ഷണ സുതാര്യത വർദ്ധിപ്പിക്കുന്നതിനും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഉപഭോക്താക്കൾക്ക് മതിയായ വിവരങ്ങൾ നൽകുന്നതിനും അതുവഴി അറിവുള്ള ഭക്ഷണ തീരുമാനങ്ങൾ എടുക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.