ന്യൂ കുവൈത്ത് 2035; നാളെയിലേക്ക് കൈപിടിക്കാൻ എഐ പാഠങ്ങൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), സൈബർ സെക്യൂരിറ്റി തുടങ്ങി നൂതന സാങ്കേതികവിദ്യകൾ കുവൈത്തിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ന്യൂ കുവൈത്ത് 2035 പദ്ധതിയുടെ ഭാഗമായുള്ള പരിഷ്ക്കാരം ഈ അധ്യയന വർഷത്തിൽ തന്നെ സ്കൂളുകളിലെത്തുന്നു. പത്താം ക്ലാസ് മുതൽ വിദ്യാർഥികൾക്ക് എഐ, പൈത്തൺ പ്രോഗ്രാമിങ് എന്നിവയിൽ പ്രത്യേക പരിശീലനം നൽകിത്തുടങ്ങി. വരും വർഷങ്ങളിൽ ഇതു കൂടുതൽ വ്യാപിപ്പിക്കും. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഡേറ്റാ സുരക്ഷ, സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കൽ എന്നിവ പാഠഭാഗങ്ങളുടെ ഭാഗമാകും.
പുതിയ രീതിയിലുള്ള അധ്യയനത്തിനായി 40,000 അധ്യാപകർക്ക് ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് എന്നിവയുടെ സഹായത്തോടെ പ്രത്യേക പരിശീലനം നൽകി. ഡിജിറ്റൽ പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യായിരത്തിലധികം ഇന്ററാക്ടീവ് സ്ക്രീനുകളും ആധുനിക ലാബുകളും സ്കൂളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
