യുഎഇയിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
യുഎഇ സന്ദർശിച്ച് മടങ്ങിയ യാത്രക്കാരന് പിന്നീട് എബോള സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. യുഎഇയിൽ ഇതുവരെ ആർക്കും രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും പകർച്ചവ്യാധികൾക്കെതിരെ രാജ്യം ഉയർന്ന ജാഗ്രതയും നിരീക്ഷണവും പുലർത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.യുഎഇ സന്ദർശിച്ച ശേഷം യുഗാണ്ടയിലെത്തിയ വ്യക്തിക്കാണ് ദിവസങ്ങൾക്ക് ശേഷം എബോള സ്ഥിരീകരിച്ചത്. എന്നാൽ, യുഎഇയിൽ കഴിഞ്ഞിരുന്ന സമയത്ത് ഇയാൾ രാജ്യത്തെ ഒരു ആരോഗ്യകേന്ദ്രത്തെയും സമീപിച്ചിരുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി സമ്പർക്കപ്പട്ടിക തയ്യാറാക്കലും മുൻകരുതൽ നടപടികളും ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇതിനകം തന്നെ യുഎഇ ആരോഗ്യവിഭാഗം ശക്തമാക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുമായും രാജ്യാന്തര ആരോഗ്യ ഏജൻസികളുമായും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എബോളയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
