നോൽ കാർഡ് ഇനി ഡിജിറ്റൽ അക്കൗണ്ടാകും, പുതിയ പരിഷ്കാരങ്ങളുമായി ആർടിഎ
പൊതുഗതാഗത ഉപയോഗത്തിനുള്ള ‘നോൽ’ കാർഡ് സംവിധാനം കൂടുതൽ ആധുനിക ഡിജിറ്റൽ പേയ്മെന്റ് രീതിയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയുടെ 72 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നിലവിലുള്ള കാർഡ് അധിഷ്ഠിത രീതിയിൽ നിന്ന് അക്കൗണ്ട് അധിഷ്ഠിത ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്കാണ് നോൽ കാർഡുകൾ മാറുന്നത്. ലോകത്തെ ഏറ്റവും മികച്ചതും അത്യാധുനികവുമായ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. 2027 ഒക്ടോബർ–ഡിസംബർ പാദത്തോടെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുംആർടിഎയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തന യാത്രയിലെ തന്ത്രപരമായ ചുവടുവയ്പാണിതെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങൾ ലളിതമാക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമുള്ള ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് ഇടപാടുകൾ എളുപ്പമാകും. ദുബായിയെ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുന്ന സ്മാർട്ട് സിറ്റി പദ്ധതികൾക്ക് ഇത് കരുത്താകും. മൂന്ന് പ്രധാന ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഡിജിറ്റൽ ചാനലുകൾ വഴി ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ പുതിയ സാങ്കേതികവിദ്യയിലുള്ള അടുത്ത തലമുറ നോൽ കാർഡുകൾ പുറത്തിറക്കും. തുടർന്ന് ഇവ ബാങ്ക് കാർഡുകളുമായി പൊരുത്തപ്പെടുന്നതും ഉപയോക്താക്കളുടെ അക്കൗണ്ടുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കുന്നതുമായിരിക്കും. മൂന്നാം ഘട്ടത്തിൽ ബാങ്ക് കാർഡുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് ദുബായിലെ പൊതുഗതാഗത നിരക്കുകൾ നേരിട്ട് അടയ്ക്കാനുള്ള സൗകര്യം പൂർണതോതിൽ സജ്ജമാക്കും.
