നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

  1. Home
  2. Global Malayali

നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

norka plus


പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിന്റെയും ഇതിനായുളള വെബ്ബ് പോര്‍ട്ടലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍റോള്‍ ചെയ്യാനാകുക.

2026 സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഞ്ജന എം, നോര്‍ക്ക റൂട്ട്സില്‍ നിന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവന്‍, ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ മാത്യു ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ നിഷ മാത്യു, വിഡൽ ഹെൽത്ത് TPA എക്സിക്യൂട്ടീവ് ഡയറക്ടർ നീത യു, സീനിയർ വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ഡി.ജെ, അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്സ് (AiBL) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ.എം, നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ എന്‍റോള്‍ ചെയ്യാവുന്നതാണ്. 2026 ഏപ്രില്‍ 15 ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ് (2027 ഏപ്രില്‍ 14 വരെ) എന്‍റോള്‍മെന്റ്. ഇതിനനുസരിച്ച് പ്രീമിയത്തിലും ആനുപാതികമായ കുറവുണ്ടാകും. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ്സ് ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.