പ്രവാസി തിരിച്ചറിയൽ കാർഡ്: നോർക്ക റൂട്ട്സ് പ്രത്യേക പ്രചാരണ കാമ്പയിൻ ജൂൺ 15 മുതൽ
കേരള സർക്കാരിന്റെ പ്രവാസി മലയാളി ക്ഷേമ വകുപ്പായ നോർക്ക റൂട്ട്സ് (NORKA Roots) വഴി നൽകുന്ന പ്രവാസി തിരിച്ചറിയൽ കാർഡുകളുടെ വിതരണവും ബോധവൽക്കരണവും ശക്തമാക്കുന്നതിനായി പ്രത്യേക പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നു. ജൂൺ 15 മുതൽ ജൂലൈ 15 വരെ ഒരു മാസക്കാലമാണ് കാമ്പയിൻ നടക്കുകയെന്ന് നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. പ്രവാസികൾക്കും വിദേശത്തുനിന്നും തിരിച്ചെത്തിയവർക്കും ഒട്ടനവധി ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക ഐഡി കാർഡുകൾ.
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കായി 2008-ലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർക്കായി 2012-ലുമാണ് നോർക്ക റൂട്ട്സ് ഈ തിരിച്ചറിയൽ കാർഡ് സംവിധാനം ആരംഭിച്ചത്. മൂന്ന് വർഷത്തെ കാലാവധിയുള്ള ഈ കാർഡ് സ്വന്തമാക്കുന്ന പ്രവാസികൾക്ക് അപകട മരണത്തിന് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ അപകടം മൂലമുണ്ടാകുന്ന സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങൾക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള സാമ്പത്തിക സഹായവും ഈ കാർഡ് വഴി ഉറപ്പുനൽകുന്നുണ്ട്.
നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ നോർക്ക സെന്ററുകൾ വഴിയോ പ്രവാസികൾക്ക് ഓൺലൈനായി ഇതിനായി അപേക്ഷിക്കാം. പാസ്‌പോർട്ട്, വിസ എന്നിവയുടെ പകർപ്പും നിശ്ചിത ഫീസും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. ഇതുകൂടാതെ, വിദേശത്ത് പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകുന്ന ‘നോർക്ക പ്രവാസി രക്ഷ’ (ക്രിട്ടിക്കൽ ഇൽനസ് ഇൻഷുറൻസ്) പദ്ധതിയും നോർക്ക നടപ്പിലാക്കിയിട്ടുണ്ട്.
പ്രവാസി മലയാളികൾക്കും കുടുംബാംഗങ്ങൾക്കുമായി കഴിഞ്ഞ വർഷം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ‘നോർക്ക കെയർ’, ഇതിന്റെ വിപുലീകരിച്ച രൂപമായ ‘നോർക്ക കെയർ പ്ലസ്’ എന്നീ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതികൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സാധുവായ നോർക്ക ഐഡി കാർഡുള്ള പ്രവാസികൾ, പ്രവാസി വിദ്യാർത്ഥികൾ, ഇതര സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയർ എന്നിവർക്കെല്ലാം ഇതിൽ അംഗമാകാം. കഴിഞ്ഞ ഏപ്രിൽ 14 വരെ നീണ്ടുനിന്ന രജിസ്ട്രേഷൻ വഴി ഈ പദ്ധതികളിൽ ഇതുവരെ 1.70 ലക്ഷം പ്രവാസികൾ അംഗത്വം നേടിയിട്ടുണ്ട്. ഇതിലൂടെ ഏകദേശം 15 ലക്ഷത്തോളം പ്രവാസി കുടുംബങ്ങൾക്ക് സുരക്ഷാ പരിരക്ഷ ഉറപ്പാക്കാൻ സാധിച്ചതായി നോർക്ക അധികൃതർ വ്യക്തമാക്കി. പുതിയ കാമ്പയിൻ വൻ വിജയമാക്കാൻ എല്ലാ പ്രവാസി മലയാളി സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
