വീട്ടുമുറ്റത്ത് ഉദ്യോഗസ്ഥരെത്തും, വാഹനം പരിശോധിക്കും: പുതിയ പദ്ധതി ഷാർജയിൽ
റമസാനിൽ വാഹന പരിശോധനയ്ക്കായി ഇനി ടെസ്റ്റിങ് കേന്ദ്രങ്ങളിൽ പോയി കാത്തു നിൽക്കേണ്ടതില്ല. പരിശോധനാ ഉദ്യോഗസ്ഥർ വീട്ടുപടിക്കൽ എത്തും. ഷാർജ നിവാസികൾക്കായി ഷാർജ പൊലീസും റാഫിദും ചേർന്നാണു സൗകര്യം ഒരുക്കിയത്.വീടോ ഓഫിസോ എവിടെയായാലും റാഫിദിന്റെ മൊബൈൽ ഇൻസ്പെക്ഷൻ യൂണിറ്റ് അവിടെയെത്തി വാഹനം പരിശോധിക്കും.സാങ്കേതിക പരിശോധനയിൽ വാഹനം പാസായാൽ ഉടൻ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ ചേർക്കും. തുടർന്ന് ആപ്പ് വഴി എളുപ്പത്തിൽ റജിസ്‌ട്രേഷൻ പുതുക്കാം. നോമ്പുകാർക്ക് സൗകര്യപ്രദമായ രീതിയിൽ ഇഫ്താറിനു ശേഷം രാത്രി സമയങ്ങളിലും ഈ സേവനം ലഭ്യമാണ്.
റമസാനിൽ വെയിലത്തു പുറത്തിറങ്ങുന്നതും വരി നിൽക്കുന്നതും ഒഴിവാക്കി ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണു പദ്ധതിയുടെ ലക്ഷ്യം.
