ഒമാനിൽ ശിശുഭക്ഷണ പരസ്യങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിച്ചാൽ നടപടി

  1. Home
  2. Global Malayali

ഒമാനിൽ ശിശുഭക്ഷണ പരസ്യങ്ങൾ അനുമതിയില്ലാതെ പ്രചരിപ്പിച്ചാൽ നടപടി

kids


 

ഒമാനിൽ ശിശുക്കൾക്കും കുട്ടികൾക്കുമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഭക്ഷ്യസുരക്ഷാ, ഗുണനിലവാര കേന്ദ്രം (Food Safety and Quality Centre) അറിയിച്ചു. സമൂഹമാധ്യമം ഉൾപ്പെടെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരുടെ അനുമതി മുൻകൂട്ടി നേടിയിരിക്കണം.നിയമം ലംഘിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങൾ, പരസ്യ ഏജൻസികൾ, സമൂബ മാധ്യമ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച പൊതുവിജ്ഞാപനം ഭക്ഷ്യ വ്യാപാരികൾക്കും കമ്പനികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കുമായി പുറത്തിറക്കിയിട്ടുണ്ട്.

ശിശുക്കൾക്കും കുട്ടികൾക്കുമായി വിപണിയിലെത്തിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പരസ്യ-പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് നിർബന്ധമായും അനുമതി തേടണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. അനുമതിക്കായുള്ള അപേക്ഷകൾ അധികൃതർ നിർദേശിച്ച ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്ക് സമർപ്പിക്കാമെന്നും അറിയിപ്പിൽ പറയുന്നു. കുട്ടികളുടെ ആരോഗ്യസംരക്ഷണവും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം നടപ്പാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.