ചില പോര്‍ട്ടബിള്‍ ബാറ്ററി ചാര്‍ജറുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഒമാൻ

  1. Home
  2. Global Malayali

ചില പോര്‍ട്ടബിള്‍ ബാറ്ററി ചാര്‍ജറുകൾ വിപണിയിൽ നിന്ന് പിൻവലിച്ച് ഒമാൻ

s


ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതും അപകടസാധ്യതയുള്ളതുമായ പോര്‍ട്ടബിള്‍ ബാറ്ററി ചാര്‍ജറുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിപിഎ). അംഗീകൃത സ്പെസിഫിക്കേഷനുകളും മാനദണ്ഡങ്ങളും പാലിക്കാത്ത ഉൽപന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് നടപടി സ്വീകരിച്ചു.

ബാറ്ററി അമിതമായി ചൂടാകാനുള്ള സാധ്യത കാരണം തീപിടിത്തത്തിന് കാരണമായേക്കാവുന്ന ഷവോമി 33W 20000mAh (ഇന്റഗ്രേറ്റഡ് കേബിള്‍) പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, മോഡല്‍ PB2030MI എന്നിവ വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. നിർമാതാവിന്‍റെ ഔദ്യോഗിക ലിങ്ക് പരിശോധിച്ച് അവരുടെ ഉപകരണത്തിന്‍റെ സീരിയല്‍ നമ്പര്‍ അപകടസാധ്യതയുള്ള ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഉൽപന്നം ഈ വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ ഉടന്‍ തന്നെ അത് ഉപയോഗിക്കുന്നത് നിര്‍ത്താനും ചാര്‍ജര്‍ തിരികെ നല്‍കാനും പൂര്‍ണ്ണ റീഫണ്ട് നേടാനും കമ്പനിയുമായി ബന്ധപ്പെടാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഒമാന്‍ വിപണിയില്‍ മേല്‍പ്പറഞ്ഞ ഉൽപന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും അതുവഴി സുരക്ഷിതമായ ഉപഭോക്തൃ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി വ്യക്തമാക്കി. കൂടാതെ, ഓണ്‍ലൈന്‍ വിൽപന പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉൽപന്നങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കാനും എല്ലാ ഇനങ്ങളും അംഗീകൃത സവിശേഷതകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.