ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഫുജൈറയും

  1. Home
  2. Global Malayali

ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഫുജൈറയും

fujara


യുഎഇയുടെ 51-ാം ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി  ഫുജൈറയും ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. നവംബർ 29 മുതൽ 60 ദിവസത്തേക്കാണ് പിഴയിളവ് ലഭിക്കുക.

ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ നിർദ്ദേശപ്രകാരമാണിത്. നവംബർ 26ന് മുമ്പ് നടത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ബാധകമാകുക. ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുമെന്നും ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കുമെന്നും ഫുജൈറ പൊലീസിലെ ജനറൽ കമാൻഡ് അറിയിച്ചു. എന്നാൽ ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് എമിറേറ്റിലെ മീഡിയ ഓഫീസ് അറിയിച്ചു. 

അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലും ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ ഒന്നു മുതൽ 2023 ജനുവരി ആറു വരെയാണ് ഉമ്മുൽഖുവൈനിൽ 50 ശതമാനം ഇളവ് ലഭിക്കുക. ഒക്ടോബർ 31ന് മുമ്പുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുന്നത്. ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ബാധകമല്ല. പൊലീസ് വെബ്സൈറ്റ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയോ പിഴകൾ അടയ്ക്കാം. 

അതേസമയം അബുദാബിയിൽ ട്രാഫിക് പിഴകൾ നേരത്തെ അടച്ചു തീർക്കുന്നവർക്ക് ഇളവുകൾ നിലവിലുണ്ട്. നിയമലംഘനങ്ങൾ നടത്തി 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവാണ് അബുദാബിയിൽ ലഭിക്കുക. 60 ദിവസത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ പിഴ അടച്ചു തീർത്താൽ 25 ശതമാനം ഇളവാണ് ലഭിക്കുന്നത്. അബുദാബി സർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ പോലീസിന്റെ കസ്റ്റമർ സർവീസ് പ്ലാറ്റ്ഫോമുകൾ മുഖേനയോ പിഴകൾ അടയ്ക്കാം. അതേസമയം ഡ്രൈവർമാർക്ക് അവരുടെ പിഴ കുടിശ്ശികയിൽ പലിശ രഹിത തവണകളായി അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവ വഴി അടയ്ക്കാവുന്നതാണ്.