ബലിപെരുന്നാളിന് മുന്നോടിയായി യുഎഇയിൽ ഓൺലൈൻ ബലിമൃഗ വിപണനം സജീവമാകുന്നു
ബലിപെരുന്നാളിന് മുന്നോടിയായി യുഎഇയിൽ ഓൺലൈൻ ബലിമൃഗ വിപണനം സജീവമാകുന്നു. നൂൺ, കരീം തുടങ്ങിയ പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി ബലിമൃഗങ്ങളെ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ കുർബാനി സേവനങ്ങൾക്ക് പ്രിയമേറി വരുന്ന സാഹചര്യത്തിലാണ് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ നൂൺ, 'സബീഹത്തി' എന്ന ഓൺലൈൻ ബുച്ചർ സ്റ്റോറുമായി സഹകരിച്ച് പുതിയ സേവനം ആരംഭിച്ചത്.വിവിധ ഇനത്തിൽപ്പെട്ട ആടുമാടുകൾ, ഒട്ടകം എന്നിവ ഓൺലൈൻ വഴി ഓർഡർ ചെയ്യാം. കശ്മീരി ആടുകൾക്കും സോമാലി ആടുകൾക്കും പുറമെ കാളകളെയും ഒട്ടകങ്ങളെയും ഇതിലൂടെ ലഭ്യമാകും. ഗുണനിലവാരവും കൃത്യസമയത്തുള്ള വിതരണവും ഉറപ്പാക്കുന്നതിനായി പരിമിതമായ എണ്ണം മൃഗങ്ങളെ മാത്രമാണ് നൂൺ പ്ലാറ്റ്‌ഫോമിലൂടെ വിൽക്കുന്നത്. ഇതിനായുള്ള ബുക്കിങ് മേയ് 23ന് മുൻപായി പൂർത്തിയാക്കേണ്ടതുണ്ട്. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ബുക്കിങ് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു.
