അൽ ഗുറൈർ സെന്ററിൽ ടിക്കറ്റില്ലാ പാർക്കിങ് സംവിധാനവുമായി 'പാർക്കിൻ'; തുടക്കത്തിൽ 3 മണിക്കൂർ സൗജന്യ പാർക്കിങ്
ദേരയിലെ പ്രശസ്തമായ അൽ ഗുറൈർ സെന്റർ മാളിൽ ഇനി മുതൽ പേപ്പർ ടിക്കറ്റുകളില്ലാത്ത എഐ അധിഷ്ഠിത പാർക്കിങ് സംവിധാനം വരുന്നു. ദുബായിലെ ഏറ്റവും വലിയ പൊതു പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനിയും അൽ ഗുറൈർ സെന്ററും തമ്മിൽ ഇത് സംബന്ധിച്ച് അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. പാർക്കിൻ സിഇഒ എൻജി. മുഹമ്മദ് അബ്ദുള്ള അൽ അലിയും അൽ ഗുറൈർ പ്രോപ്പർട്ടി മാനേജ്‌മെന്റ് സിഇഒ പോൾ ഫാനിങ്ങുമാണ് കരാർ ഒപ്പിട്ടത്.
കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നമ്പർ-പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് പുതിയ സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഇതോടെ വാഹനങ്ങൾ മാളിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും പേപ്പർ ടിക്കറ്റുകൾ എടുക്കേണ്ടതില്ല. ഇത് മാളിലേക്കുള്ള പ്രവേശനവും എക്സിറ്റും കൂടുതൽ സുഗമമാക്കും. കൂടാതെ, ഡ്രൈവർമാർക്ക് തത്സമയ വിവരങ്ങൾ നൽകാനായി സ്ക്രീൻ സംയോജിപ്പിച്ച പുതിയ ക്യാമറ സംവിധാനവും മാളിൽ ആദ്യമായി സ്ഥാപിക്കും.
പുതിയ പാർക്കിങ് നിരക്കുകളും ഇളവുകളും:
സൗജന്യ പാർക്കിങ്: മാളിലെത്തുന്ന സന്ദർശകർക്ക് ആദ്യത്തെ 3 മണിക്കൂർ പാർക്കിങ് പൂർണ്ണമായും സൗജന്യമായിരിക്കും. അതിനുശേഷമുള്ള സമയത്തിന് സാധാരണ നിരക്കുകൾ ഈടാക്കും.
ഞായറാഴ്ചകളിൽ സൌജന്യം: തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലാണ് ഈ നിരക്ക് ബാധകമാകുക. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് പൂർണ്ണമായും സൗജന്യമായിരിക്കും.
ഷോപ്പേഴ്സിന് കൂടുതൽ ഇളവുകൾ: മാളിൽ നിന്ന് 200 ദിർഹമോ അതിൽ കൂടുതലോ തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നവർക്കും, സ്റ്റാർ സിനിമസിൽ നിന്ന് മൂവി ടിക്കറ്റ് എടുക്കുന്നവർക്കും 2 മണിക്കൂർ അധികമായി (ആകെ 5 മണിക്കൂർ) സൗജന്യ പാർക്കിങ് ലഭിക്കും.
ഫീസ് അടയ്ക്കേണ്ട രീതി: നിശ്ചിത സമയ പരിധി കഴിഞ്ഞുള്ള പാർക്കിങ് ഫീസ് മാളിൽ നിന്ന് ഇറങ്ങുന്നതിന് മുൻപോ, അല്ലെങ്കിൽ 5 ദിവസത്തിനകം പാർക്കിന്റെ ഡിജിറ്റൽ ചാനലുകൾ വഴിയോ അടച്ചുതീർക്കാവുന്നതാണ്.
അൽ ഗുറൈർ സെന്റർ റെസിഡൻസ്, റവാബെ എന്നിവിടങ്ങളിലെ താമസക്കാർക്കും വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്നവർക്കുമായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും പ്രതിമാസ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളും ഈ കരാറിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ആർടിഎയുമായുള്ള (RTA) 49 വർഷത്തെ കരാറിൻ്റെ അടിസ്ഥാനത്തിൽ ദുബായിലുടനീളം ഏകദേശം 2.29 ലക്ഷം പെയ്ഡ് പാർക്കിങ് സ്പെയ്സുകൾ കൈകാര്യം ചെയ്യുന്ന പാർക്കിൻ കമ്പനി, തങ്ങളുടെ സ്മാർട്ട് പാർക്കിങ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
