ഇനി ദുബായ് ഹാർബറിലും പാർക്കിങ് ചാർജ് 'സാലിക്' വഴി; പുതിയ കരാർ ഒപ്പുവെച്ചു

  1. Home
  2. Global Malayali

ഇനി ദുബായ് ഹാർബറിലും പാർക്കിങ് ചാർജ് 'സാലിക്' വഴി; പുതിയ കരാർ ഒപ്പുവെച്ചു

s


 

ദുബായിലെ പ്രമുഖ വിനോദസഞ്ചാര-ആഡംബര കേന്ദ്രമായ ദുബായ് ഹാർബറിലെ പാർക്കിങ് ഫീസ് അടയ്ക്കാൻ ഇനി മുതൽ സാലിക് ടാഗുകൾ ഉപയോഗിക്കാം. ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്കും ദുബായ് ഹാർബറിന്റെ നിർമാണ-മാനേജ്‌മെന്റ് കമ്പനിയായ ശമാൽ ഹോൾഡിങ്സും ഇത് സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചു.

വാഹന ഉടമകൾക്ക് യാതൊരു തടസ്സവുമില്ലാതെ, ഡിജിറ്റലായി പാർക്കിങ് ചാർജ് ഈടാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം.

ദുബായ് ഹാർബറിലെ പാർക്കിങ് ഏരിയകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക ക്യാമറകൾ അവിടെയെത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഓട്ടോമാറ്റിക്കായി റീഡ് ചെയ്യും.

വാഹനം പാർക്കിങ് ഏരിയയിൽ ചെലവഴിച്ച സമയം കണക്കാക്കി, അവരുടെ സാലിക് അക്കൗണ്ടിൽ നിന്ന് തുക നേരിട്ട് ഈടാക്കുകയാണ് ചെയ്യുക.

പേയ്‌മെന്റുകൾക്കായി കൗണ്ടറുകളിൽ ക്യൂ നിൽക്കേണ്ടതില്ല എന്നതിനാൽ യാത്രക്കാരുടെ സമയലാഭത്തിനൊപ്പം പാർക്കിങ് ഏരിയകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഇത് സഹായിക്കും.

ദുബായ് മാളിന് ശേഷം ദുബായിൽ സാലിക് അടിസ്ഥാനമാക്കിയുള്ള പാർക്കിങ് സംവിധാനം നടപ്പിലാക്കുന്ന രണ്ടാമത്തെ പ്രധാന കേന്ദ്രമാണ് ദുബായ് ഹാർബർ. ഏകദേശം 3,300-ലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാവുന്ന വിപുലമായ സൌകര്യമാണ് ദുബായ് ഹാർബറിലുള്ളത്.

നഗരത്തെ പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെയും ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ പരിഷ്കാരമെന്ന് സാലിക് സി.ഇ.ഓ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ ദുബായിലെ കൂടുതൽ പ്രമുഖ മാളുകളിലേക്കും ബിസിനസ്സ് കേന്ദ്രങ്ങളിലേക്കും ഈ സ്മാർട്ട് പാർക്കിങ് സംവിധാനം വ്യാപിപ്പിക്കാനാണ് സാലിക് ലക്ഷ്യമിടുന്നത്.