പാർക്കിങ് ഇനി സ്മാർട്ട്; ബാരിയറുകളില്ല, കാത്തുനിൽപ്പില്ല

  1. Home
  2. Global Malayali

പാർക്കിങ് ഇനി സ്മാർട്ട്; ബാരിയറുകളില്ല, കാത്തുനിൽപ്പില്ല

s


ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ സ്മാർട്ട് പാർക്കിങ് ഒരുക്കി അബുദാബി. പാർക്കിങ് കവാടത്തിൽ സ്ഥാപിച്ച ക്യാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്തു പ്രവേശിക്കുന്നതും പുറത്തുപോകുന്നതും കണക്കാക്കി വ്യക്തിയുടെ സാലിക് അക്കൗണ്ടിൽ നിന്നു പണം ഈടാക്കുന്ന രീതിയാണിത്.പ്രമുഖ ഷോപ്പിങ് മാളുകളിലും സ്വകാര്യ പാർക്കിങ് ഇടങ്ങളിലുമായാണു പാർക്കോണിക്-മവാഖിഫ് സഹകരണത്തോടെ സ്മാർട്ട് പാർക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പാർക്കിങ്ങിൽ പ്രവേശിക്കുമ്പോൾ ടിക്കറ്റ് എടുക്കേണ്ടതില്ല. നമ്പർ പ്ലേറ്റ് ഓട്ടമാറ്റിക്കായി റീഡ് ചെയ്യപ്പെടും.

ബാരിയറുകൾ ഇല്ലാത്തതിനാൽ വാഹനം നിർത്താതെ തന്നെ പാർക്കിങ്ങിലേക്കു പ്രവേശിക്കാനും പുറത്തു കടക്കാനും സാധിക്കും. മൊബൈൽ ആപ്പ് വഴി മുൻകൂട്ടിയോ അല്ലെങ്കിൽ പാർക്കിങ്ങിനു ശേഷമോ പണമടയ്ക്കാം. അബുദാബിയിലെ പൊതു പാർക്കിങ് സംവിധാനമായ 'മവാഖിഫ്' അക്കൗണ്ടുമായി ഇത് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ തുക ഓട്ടമാറ്റിക്കായി കുറയ്ക്കും.

മാളുകൾക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള മെഷീനുകളിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കോഡ് സഹിതം നൽകി പണമടയ്ക്കാം. മവാഖിഫ് വഴി എസ്എംഎസ് അയച്ചും പണമടയ്ക്കാൻ സൗകര്യമുണ്ട്. അബുദാബി മാൾ, അൽവഹ്ദ മാൾ, ഖാലിദിയ മാൾ, വേൾഡ് ട്രേഡ് സെന്റർ മാൾ, മദീനത്ത് സായിദ് ഷോപ്പിങ് സെന്റർ, ഡൽമ മാൾ എന്നിവിടങ്ങളിൽ ഇത് പ്രാബല്യത്തിലായിട്ടുണ്ട്.

മിക്ക മാളുകളിലും ആദ്യത്തെ 3 മണിക്കൂർ (ചിലയിടങ്ങളിൽ 2 മണിക്കൂർ) പാർക്കിങ് സൗജന്യമായിരിക്കും. അതിനുശേഷം ഓരോ മണിക്കൂറിനും ഫീസ് ഈടാക്കും. പാർക്കിങ് സമയം കഴിഞ്ഞ് പുറത്തു പോകുമ്പോൾ പണമടച്ചെന്ന് ഉറപ്പുവരുത്തുക. ആപ്പ് ഉപയോഗിക്കുന്നവർക്ക് വാലറ്റിൽ ആവശ്യത്തിന് ബാലൻസ് ഉണ്ടെന്നും ഉറപ്പാക്കണം.