യുഎഇയിൽ നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; തീരദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. ഇന്ന്(ശനി) രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയിലായിരിക്കും. വടക്കൻ മേഖലകളിലും തീരദേശങ്ങളിലും ചില സമയങ്ങളിൽ ആകാശം കൂടുതൽ മേഘാവൃതമാകാനും നേരിയ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാത്രികാലങ്ങളിലും ഞായറാഴ്ച പുലർച്ചെയും ഉൾനാടൻ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന തെക്കുകിഴക്കൻ - വടക്കുകിഴക്കൻ കാറ്റ് ചില സമയങ്ങളിൽ 35 കിലോമീറ്റർ വരെ വേഗം കൈവരിച്ചേക്കാം.
അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ഇടയ്ക്ക് മിതമായ രീതിയിൽ ഉയരാൻ സാധ്യതയുണ്ട്. കടൽയാത്രയ്ക്കും മറ്റും പോകുന്നവർ വേലിയേറ്റ-ഇറക്ക സമയങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
