ഓർമയുടെ പെഡ്രോ – ദി സൗണ്ട് ഓഫ് ഡെത്ത് ശ്രദ്ധേയമായി; ഭരത് മുരളി നാടകോത്സവത്തിൽ വിസ്മയമായി മാജിക്കൽ റിയലിസം
അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച 14-ാമത് ഭരത് മുരളി നാടകോത്സവത്തിന്റെ നാലാം ദിനത്തിൽ ( ജനുവരി 11) ഓർമ ദുബായ് അവതരിപ്പിച്ച ‘പെഡ്രോ – ദി സൗണ്ട് ഓഫ് ഡെത്ത്’ ശ്രദ്ധേയമായി. ഹുവാൻ റുൽഫോയുടെ വിഖ്യാത മെക്സിക്കൻ നോവൽ ‘പെഡ്രോ പരാമോ’യെ ആധാരമാക്കി എമിൽ മാധവിയാണ് ഈ നാടകം സംവിധാനം ചെയ്തത്. ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിൽ 38 അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെ അമ്പതോളം പേർ അണിനിരന്നു.
യാഥാർത്ഥ്യത്തിനുള്ളിൽ അസാധാരണമായ കാര്യങ്ങൾ സ്വാഭാവികമെന്നോണം സംഭവിക്കുന്ന 'മാജിക്കൽ റിയലിസം' ശൈലിയിലുള്ള അവതരണം കാണികൾക്ക് പുതിയൊരു അനുഭവമായി. 1955-ൽ പുറത്തിറങ്ങിയ ‘പെഡ്രോ പരാമോ’ എന്ന നോവൽ ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയപ്പെട്ടതാണ്. വിലാസിനി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഈ കൃതിയുടെ ദൃശ്യാവിഷ്കാരം ആഖ്യാനത്തിലെ സങ്കീർണ്ണത കൊണ്ടും ദൃശ്യ-ശ്രാവ്യ മികവ് കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി.
പ്രവാസലോകത്തെ മികച്ച നാടക കലാകാരന്മാരെ അണിനിരത്തി ഓർമ ദുബായ് അവതരിപ്പിച്ച ഈ നാടകം ഭരത് മുരളി നാടകോത്സവത്തിലെ മികച്ച അവതരണങ്ങളിലൊന്നായി മാറി.
