പാസ്‌പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന; അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം

  1. Home
  2. Global Malayali

പാസ്‌പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻഗണന; അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം

indian passport


യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനകേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിഗണനയും മുൻഗണനയും ഉറപ്പാക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രഖ്യാപിച്ചു. ഇനി മുതൽ ഭിന്നശേഷിക്കാർക്ക് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ തന്നെ പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ നേരിട്ടെത്തി സേവനം കൈപ്പറ്റാം. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച പ്രവാസി സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭിന്നശേഷിക്കാരെ നീണ്ട ക്യൂവിൽ നിർത്താതെ മുൻഗണനാടിസ്ഥാനത്തിൽ തന്നെ സേവനങ്ങൾ നൽകും. കൂടാതെ 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്കും കേന്ദ്രങ്ങളിൽ പ്രത്യേക മുൻഗണന ലഭ്യമാക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തിക്കുന്ന അൽഹിന്ദ് സേവനകേന്ദ്രം അംബാസഡർ നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, വിവിധ സംഘടനാ പ്രതിനിധികൾ, വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ സോഷ്യൽ സെന്ററുകളിലെയും ഭാരവാഹികൾ, ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.