ദൈമാനിയാത്ത് ദ്വീപുകളിൽ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

  1. Home
  2. Global Malayali

ദൈമാനിയാത്ത് ദ്വീപുകളിൽ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

s


ഒമാനിലെ പ്രശസ്തമായ ദൈമാനിയാത്ത് ദ്വീപ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ സമുദ്ര പരിസ്ഥിതിയും ജൈവ വൈവിധ്യവും ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായി, പവിഴപ്പുറ്റുകൾ (കൊറൽ റീഫ്) വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി അതോറിറ്റി തുടക്കം കുറിച്ചു. ആഗോള താപനവും സമുദ്ര താപനില വർധിക്കുന്നതും മൂലം ഭീഷണി നേരിടുന്ന അപൂർവ പവിഴപ്പുറ്റുകളെ പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സുലത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയുടെ പങ്കാളിത്തത്തിൽ ഒമാൻ എൽ.എൻ.ജി കമ്പനിയുടെ പിന്തുണയോടെയാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്.

സമുദ്രജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുകയും സുസ്ഥിരമായ പരിസ്ഥിതി ഉറപ്പാക്കുകയും ചെയ്യുന്നതിന് പദ്ധതി സഹായകരമാകുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. അത്യാധുനികമായ ‘ഡയറക്ട് ഫിക്സേഷൻ’ സാങ്കേതികവിദ്യ ഉപയോഗിച്ച് 600 മുതൽ 1,000 വരെ പവിഴപ്പുറ്റ് ശകലങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുന്നത്. സമുദ്രത്തിലെ അപൂർവ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, ഹമൂർ പോലുള്ള വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിന് സഹായകമായ സാഹചര്യം ഒരുക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.