സമുദ്ര പാതയായ ബാബ് അൽ മൻദബ് കൂടി അടച്ചാൽ താങ്ങാൻ ആകില്ലെന്ന് ഖത്തർ

  1. Home
  2. Global Malayali

സമുദ്ര പാതയായ ബാബ് അൽ മൻദബ് കൂടി അടച്ചാൽ താങ്ങാൻ ആകില്ലെന്ന് ഖത്തർ

qatar


 

സമുദ്ര പാതയായ ബാബ് അൽ മൻദബ് കൂടി അടച്ചാൽ താങ്ങാൻ ആകില്ലെന്ന് ഖത്തർ. ഹോർമുസ് അടഞ്ഞതിന്‍റെ കെടുതികൾ ലോകം അനുഭവിക്കുകയാണ്. സമുദ്ര പാതകൾ സുരക്ഷിതമാക്കാൻ ലോകം ഒന്നിക്കണമെന്നും സമാധാന ശ്രമത്തിനായുള്ള ഒരു നിമിഷം പോലും പാഴാക്കില്ലെന്നും ഖത്തർ വ്യക്തമാക്കി. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. മേഖലയിൽ സുസ്ഥിര സമാധാനം കൈവരിക്കുന്ന സമഗ്രമായ ഒ കരാറിലെത്തേണ്ടതിന്റെ പ്രാധാന്യവും ഖത്തർ ഊന്നിപ്പറയുന്നു.

ജലപാതകൾ അടച്ചിടുന്നത് സാധാരണ സംഭവമായി കാണാനാകില്ലെന്നും അത് ഖത്തറിനും അന്താരാഷ്ട്ര സമൂഹത്തിനും ഒരുപോലെ അസ്വീകാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം മാധ്യമ വിഭാഗം ഡയറക്ടർ പ്രതികരിച്ചു. സമുദ്രസഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു നീക്കത്തിനുമെതിരെ ലോകം മുഴുവൻ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

"ഹോർമൂസ് കടലിടുക്ക് അടച്ചതിന്റെ ദുരിതം ലോകം ഇതിനകം തന്നെ അനുഭവിക്കുന്നുണ്ട്. അതിനാൽ ബാബ് അൽ-മൻദബ് കടലിടുക്ക് കൂടി അടച്ചിടുന്നതിന്റെ ആഘാതം താങ്ങാൻ ലോകത്തിന് കഴിയില്ല" എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരു കടലിടുക്കുകളിലൂടെയുമുള്ള ഗതാഗതം തടസ്സപ്പെടുന്നത് ലോകത്താകമാനം വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ ഹൂതികൾ ബാബ് അൽ മൻദബിൽ മൈനുകൾ സ്ഥാപിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. കരയിൽ ട്രഞ്ചുകൾ സ്ഥാപിച്ച് നിരീക്ഷണത്തിനും സംവിധാനം ഒരുക്കുകയാണ്. ബാബ് അൽ മൻദബ് അടയ്ക്കുമോ എന്ന് ആശങ്ക ഉയരുകയാണ്. അതേസമയം ഭൂഗർഭ ആണവ നിലയങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ഇറാൻ തീരുമാനിച്ചു. ആക്രമണങ്ങളിൽ നിന്ന് സുരക്ഷ ഒരുക്കാൻ എന്നാണ് വിശദീകരണം.