ഖത്തറിന്റെ നിർമാണ മേഖലയിൽ കുതിപ്പ് തുടരുന്നു

ഖത്തറിലെ നിർമാണ മേഖല വളർച്ചയുടെ പാതയിലാണെന്നും 2030 ആകുമ്പോൾ ഇത് 10600 കോടി ഡോളറിൽ എത്തുമെന്നും റിസർച്ച് ആൻഡ് മാർക്കറ്റ്‌സിന്റെ റിപ്പോർട്ട്. 2025ൽ ഇത് 6870 കോടി ഡോളർ പിന്നിടുമെന്നും റിപ്പോർട്ട് പറയുന്നു. ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി), അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സ്‌പോർട്സ് ടൂറിസം തുടങ്ങിയ മേഖലയിലെ നിക്ഷേപങ്ങളാണ് വളർച്ചയുടെ കാരണമെന്നും നിർമാണ മേഖല വികസിക്കുകയാണെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.2022ലെ ഫിഫ ലോകകപ്പ് കഴിഞ്ഞ് റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവും കോൺട്രാക്റ്റർമാരുടെ മത്സരവും മേഖലയെ ബാധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നിർമാണമേഖലയിൽ പുതിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഖത്തർ നാഷനൽ വിഷൻ -2030ന്റെ ഭാഗമായുള്ള സർക്കാർ പദ്ധതികളും നിർമാണമേഖലയുടെ വളർച്ചക്ക് പ്രേരകശക്തിയാകുന്നു. എൽ.എൻ.ജി വാതക ലൈനുകളിലെ പുതിയ പദ്ധതികൾക്ക് പുറമെ, ഗതാഗതം, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലയിലും നിക്ഷേപം വർധിക്കുകയാണ്.
ഇതിൽ അശ്ഗാൽ, കഹ്റമ തുടങ്ങിയ സർക്കാർ ഏജൻസികളുടെ മെഗാ പദ്ധതികൾ മാത്രമായി 90 ബില്യൺ അധികം അടിസ്ഥാന സൗകര്യച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികളുമുണ്ട്. നിലവിൽ, മിഡിൽ ഈസ്റ്റിലെ നിർമാണമേഖലയിൽ ഏറ്റവും ചെലവേറിയ രണ്ടാമത്തെ നഗരമായി ദോഹ മാറിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനത്തിൽ കായികമേഖലയെ വളരെ പ്രാധാന്യമുള്ള മേഖലയായാണ് ഖത്തർ നാഷനൽ വിഷൻ കാണുന്നത്. ആഗോള കായിക മേളകളിലേക്കുള്ള പ്രവേശനത്തിന് ഫിഫ ലോകകപ്പ് തുടക്കമാവുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി ഖത്തർ വലിയ കായികമേളകൾക്കും തയാറെടുക്കുകയാണ്.ഇതിന്റെ ഭാഗമായി ഹമദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ ശേഷി 70 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളുന്നവിധം വിപുലീകരിക്കുകയും പുതിയ ഗ്രാൻഡ് ക്രൂസ് ടെർമിനലും ലുസൈൽ, മശൈരിബ് എന്നിവിടങ്ങളിൽ പുതിയ വിനോദമേഖലകൾ വികസിപ്പിക്കുകയും ചെയ്തു. ഇതിലൂടെ ഖത്തറിന്റെ ടൂറിസം സമ്പദ്വ്യവസ്ഥ ശക്തമായി നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലെ വൈവിധ്യത്തിന് പ്രധാന ഘടകമാണ് എൽ.എൻ.ജി വ്യവസായം. ഇവിടെ സർക്കാറിനും സ്വകാര്യ സ്ഥാപനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരവും ആത്മവിശ്വാസവും നൽകുന്നു.നിർമാണമേഖല കുതിക്കുമ്പോൾ, ഉൽപാദനത്തിന് ആവശ്യമായ സ്റ്റീൽ, കോൺക്രീറ്റ് പോലുള്ള വില കൂടിയ ഉൽപന്നങ്ങൾക്ക് ആവശ്യം ഉയരുകയാണ്. ഈ വളർച്ചയുടെ പശ്ചാത്തലത്തിൽ ഇത്തരം വസ്തുക്കളുടെ ആവശ്യകത കൂടുതൽ ഉയരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.