യുഎഇയിൽ മഴയ്ക്കും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യത
യുഎഇയിൽ അടുത്ത ദിവസങ്ങളിൽ ഇടവിട്ട മഴയ്ക്കും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്ന് (6) മുതൽ 10 വരെയാണ് കാലാവസ്ഥാ പ്രവചനം അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.ഈ മാസം 10 വരെ യുഎഇയിൽ മിശ്ര കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമാകാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാനും അറബിക്കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ശനിയാഴ്ചയോടെ താപനിലയിൽ നേരിയ വർധനവ് അനുഭവപ്പെടും. ഞായറാഴ്ച പുലർച്ചെ ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അന്നുമുതൽ വരും ദിവസങ്ങളിൽ പടിഞ്ഞാറൻ ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം തുടരുകയും ചൊവ്വാഴ്ചയോടെ വടക്കൻ മേഖലകളിൽ മഴ ലഭിക്കുകയും ചെയ്യും. ഈ ദിവസങ്ങളിൽ വടക്കൻ പ്രദേശങ്ങളിൽ താപനിലയിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്. വരാനിരിക്കുന്ന റമസാൻ കാലയളവിൽ കാലാവസ്ഥയിലെ ഈ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് യാത്രകൾ ക്രമീകരിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.
