യുഎഇയിൽ പെരുന്നാൾ ദിനങ്ങളിൽ മഴയ്ക്ക് സാധ്യത

  1. Home
  2. Global Malayali

യുഎഇയിൽ പെരുന്നാൾ ദിനങ്ങളിൽ മഴയ്ക്ക് സാധ്യത

UAE RAIN


ഇത്തവണത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) ദിനങ്ങളിൽ യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഈ മാസം 21 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും പലയിടങ്ങളിലും മഴ ലഭിക്കുമെന്നുമാണ് പ്രവചനം. അറബിക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദവുമാണ് ഈ മാറ്റത്തിന് കാരണം.റമസാൻ 29 ആയ ഇന്ന് (ബുധൻ) മുതൽ തന്നെ കാലാവസ്ഥയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങും. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ താപനില കുറയാനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളിലും തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ തുടർന്നേക്കാം.

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെയുള്ള പെരുന്നാൾ അവധി ദിനങ്ങളിലാണ് മഴ ശക്തമാകാൻ സാധ്യതയുള്ളത്. ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കുമ്പോൾ മറ്റു ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ പോകുന്നവരും കടലിൽ ഇറങ്ങുന്നവരും കാലാവസ്ഥാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം. മഴയുള്ളപ്പോൾ വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണമെന്നും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വേഗത കുറച്ച് യാത്ര ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിച്ചുകൊണ്ട് മാത്രം യാത്രകൾ ആസൂത്രണം ചെയ്യണമെന്നും കാലാവസ്ഥാ കേന്ദ്രം ഓർമിപ്പിച്ചു.