റാസൽഖൈമ അപകടം; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

  1. Home
  2. Global Malayali

റാസൽഖൈമ അപകടം; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു

rak accident


ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിൽ നടന്ന വാഹനാപകടത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), കാസർകോട് അറ്റങ്ങനം പാറക്കൽ വീട്ടിൽ അഷ്റഫ് കൊളങ്ങരടി (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് (29), ആന്ധ്ര സ്വദേശി വിനോദ് കുമാർ (31), തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. റാക് പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളുമാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ദുബൈയിൽ താമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ്, പുതിയ ജോലിയിൽ പ്രവേശിക്കാനായി ഒമാനിൽ പോയി വിസ മാറി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പുതിയ വിസയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് കാസർകോട് സ്വദേശി അഷ്റഫും ഹേമന്തും ഒമാനിൽ പോയത്. കാസർകോട് സ്വദേശി അഷ്റഫ് വർഷങ്ങളായി യു.എ.ഇയിൽ പ്രവാസിയായിരുന്നു. മുഹമ്മദ് കുഞ്ഞി-പാത്തുമ്മ ദമ്പതികളുടെ മകനാണ് അഷ്റഫ് കൊളങ്ങരടി, ഭാര്യ ജമീല.

ചൊവ്വാഴ്ച പുലർച്ചെ 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് റാസൽഖൈമ അൽവതൻ റോഡിൽ സാങ്കേതിക തകരാർ മൂലം നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് 13 പേർ മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള രക്ഷാസംഘങ്ങൾ സ്ഥലത്തെത്തിയാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. അൽമുനായ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം, റാക് പൊലീസിലെ തിരച്ചിൽ-രക്ഷാപ്രവർത്തന വിഭാഗം, ഹത്ത പൊലീസ് പട്രോൾ സംഘം എന്നിവർക്കൊപ്പം നാഷനൽ ആംബുലൻസ്, ദുബൈ ആംബുലൻസ് വിഭാഗം, ദുബൈ, ഖദ്റ അഗ്നിശമന സംഘം എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

അപകടത്തിന്റെ യഥാർത്ഥ കാരണം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിന് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ദുബൈ കോൺസുലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും ചെയ്തു.