പുതുവർഷാഘോഷങ്ങൾക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോർഡ് ജനക്കൂട്ടം

  1. Home
  2. Global Malayali

പുതുവർഷാഘോഷങ്ങൾക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോർഡ് ജനക്കൂട്ടം

dubai metro


പുതുവർഷാഘോഷങ്ങൾക്കായി ദുബായിലെ റോഡുകളിലിറങ്ങിയത് റെക്കോർഡ് ജനക്കൂട്ടം. 2026 പുതുവർഷത്തലേന്ന് മാത്രം 28 ലക്ഷത്തിലേറെ (2,836,859) യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ദുബായ് മെട്രോയും ബസ്സുകളും ടാക്സികളുമെല്ലാം ആഘോഷരാവിൽ ജനസാഗരത്തെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അവിശ്രമം ഓടി. ഏറ്റവും കൂടുതൽ പേർ ആശ്രയിച്ചത് ദുബായ് മെട്രോയെയാണ്. റെഡ്, ഗ്രീൻ ലൈനുകളിലായി 12 ലക്ഷത്തിലേറെ പേർ യാത്ര ചെയ്തു.

ഇതിനുപുറമെ അഞ്ച് ലക്ഷത്തിലധികം പേർ പൊതുബസ്സുകളെയും ആറ് ലക്ഷത്തിലധികം പേർ ടാക്സികളെയും ഉപയോഗപ്പെടുത്തി. ഇ-ഹെയ്‌ലിങ്(E-hailing) സർവീസുകൾ, ട്രാം, ജലഗതാഗത മാർഗങ്ങൾ എന്നിവയിലൂടെയും ലക്ഷക്കണക്കിന് ആളുകൾ ആഘോഷനഗരികളിലേക്ക് ഒഴുകി. വൻ ജനത്തിരക്ക് കണക്കിലെടുത്ത് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ച് ആർടിഎ ഏർപ്പെടുത്തിയ പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും റോഡ് അടയ്ക്കൽ നടപടികളും യാത്ര സുഗമമാക്കാൻ സഹായിച്ചു.