പ്രവാസികൾക്ക് ആശ്വാസം; ബഹ്‌റൈൻ - മുംബൈ സർവീസുകൾ പുനരാരംഭിക്കാൻ ഇൻഡിഗോ
ബഹ്‌റൈനും മുംബൈയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഇൻഡിഗോ എയർലൈൻസ് പുനരാരംഭിക്കുന്നു. താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഈ പ്രതിദിന സർവീസുകൾ 2026 മേയ് 2 മുതലാണ് പുനഃസ്ഥാപിക്കുന്നത്. സ്കൂൾ അവധിക്കാലം ആരംഭിക്കാനിരിക്കെ പ്രഖ്യാപിച്ച ഈ തീരുമാനം ബഹ്‌റൈനിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
ആഴ്ചയിൽ ഏഴ് ദിവസവും സർവീസുകൾ ലഭ്യമായിരിക്കും. നിലവിൽ മേയ് 31 വരെയുള്ള സമയക്രമമാണ് എയർലൈൻ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. മുംബൈയിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് മികച്ച കണക്ഷൻ സർവീസുകളും ഇൻഡിഗോ ഒരുക്കിയിട്ടുണ്ട്. യാത്രികർക്ക് ഇൻഡിഗോ വെബ്‌സൈറ്റ് വഴിയോ ട്രാവൽ ഏജൻസികൾ വഴിയോ ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
വിമാന വിവരങ്ങൾ:
മുംബൈയിൽ നിന്ന് രാത്രി 8:50-ന് പുറപ്പെടുന്ന വിമാനം (Flight 6E 1201) ബഹ്‌റൈൻ സമയം രാത്രി 9:55-ന് അവിടെയെത്തും. തിരികെ ബഹ്‌റൈനിൽ നിന്ന് രാത്രി 10:55-ന് പുറപ്പെടുന്ന വിമാനം (Flight 6E 1202) അടുത്ത ദിവസം പുലർച്ചെ 5:10-ന് മുംബൈയിലെത്തും. മേയ് മാസത്തിലെ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ഈ പുതിയ സമയക്രമം.
