'കേരളത്തെ ചേർത്തുനിർത്തുന്നത് മതസൗഹാർദമാണ്'; ഒരിടവേളയ്ക്ക് ശേഷം പൊതുവേദിയിലെത്തി കെ.ജെ. യേശുദാസ്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ്. അമേരിക്കയിലെ 'കേരള അസോസിയേഷൻ ഓഫ് ഡാലസ്' സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് അദ്ദേഹം പാട്ടും ചിന്തകളുമായി പങ്കെടുത്തത്. കേരളത്തെ ലോകത്തിന് മുന്നിൽ എക്കാലവും ചേർത്തുനിർത്തിയിട്ടുള്ളത് ഇവിടുത്തെ അടിയുറച്ച മതസൗഹാർദമാണെന്നും, അതിൽ ഒരു തരത്തിലുള്ള പോറലും ഏൽക്കാതെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലം മുതൽ അമേരിക്കയിലെ ഡാലസിൽ വിശ്രമജീവിതം നയിക്കുകയാണ് കെ.ജെ. യേശുദാസ്. സമീപകാലത്തായി പൊതുപരിപാടികളിൽ വളരെ അപൂർവ്വമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസികൾക്കും സംഗീതപ്രേമികൾക്കും ഏറെ ആവേശമായി മാറി.
