ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്
ദിനംപ്രതി വർദ്ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് 2026-ൽ ദുബൈയിലെ വാടകയിൽ ആറ് ശതമാനം വരെ വർദ്ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ. കഴിഞ്ഞ വർഷങ്ങളിലെ കുത്തനെയുള്ള ഇരട്ട അക്ക വർദ്ധനവിനെ അപേക്ഷിച്ച് നിരക്ക് വർദ്ധനവിൽ നേരിയ കുറവുണ്ടാകുമെങ്കിലും, ഡിമാൻഡ് കൂടുതലുള്ള മേഖലകളിൽ വാടക ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മെട്രോപൊളിറ്റൻ പ്രീമിയം പ്രോപ്പർട്ടീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ദുബൈ റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ സന്തുലിതമായ ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
ഉയർന്ന ഡിമാൻഡ് ഉള്ള ഇടങ്ങൾ
വില്ലകൾ, ടൗൺഹൗസുകൾ, ബീച്ച് ഫ്രണ്ട് അപ്പാർട്ടുമെന്റുകൾ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഇത്തരം സ്ഥലങ്ങളിൽ 4 മുതൽ 6 ശതമാനം വരെ വാടക ഉയരാം.
പുതിയ കെട്ടിടങ്ങൾ ധാരാളമായി വിപണിയിലേക്ക് എത്തുന്നതോടെ ചില പ്രദേശങ്ങളിൽ വാടകക്കാരെ ആകർഷിക്കാൻ വീട്ടുടമസ്ഥർ തമ്മിൽ ശക്തമായ മത്സരം ഉണ്ടാകും. ഇത് വാടകക്കാർക്ക് ഗുണകരമാകും.
ദുബൈയിലെ ജനസംഖ്യ ഇതിനകം നാല് ദശലക്ഷം കവിഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ നിന്നുള്ള നിക്ഷേപകരും പ്രൊഫഷണലുകളും കോടീശ്വരന്മാരും ദുബൈയിലേക്ക് ഒഴുകുന്നത് വാടക കെട്ടിടങ്ങളുടെ ഡിമാന്റ് വർദ്ധിപ്പിക്കുന്നു. ബിസിനസ് ബേ, ഡൗണ്ടൗൺ, ദുബൈ മറീന, പാം ജുമൈറ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ 2026-ലും വാടക നിരക്ക് ശക്തമായി തുടരും.
പുതിയ കെട്ടിടങ്ങൾ വിപണിയിലെത്തുന്നതോടെ പഴയ കെട്ടിട ഉടമകൾ വാടകക്കാരെ നിലനിർത്താൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
കൂടുതൽ ചെക്കുകൾ: വാടക നൽകുന്നതിൽ കൂടുതൽ ഗഡുക്കൾ (Multiple checks) അനുവദിക്കുക.
ഡിജിറ്റൽ പേയ്‌മെന്റ്: വാടക നൽകാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
അറ്റകുറ്റപ്പണികൾ: പഴയ കെട്ടിടങ്ങൾ നവീകരിച്ചും മെച്ചപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്തും വാടകക്കാരെ ആകർഷിക്കുന്നു.
പുതിയ പ്രോജക്റ്റുകൾ
2027-ഓടെ ദുബൈയിൽ രണ്ട് ലക്ഷത്തോളം പുതിയ യൂണിറ്റുകൾ വിതരണത്തിന് സജ്ജമാകും. ദുബൈ ഹിൽസ് എസ്റ്റേറ്റ്, ജെവിസി (JVC), അൽ ഫുർജാൻ എന്നിവിടങ്ങളിലാണ് കൂടുതൽ പുതിയ അപ്പാർട്ടുമെന്റുകൾ വരുന്നത്. അതേസമയം, അൽ ബരാരി, തിലാൽ അൽ ഗാഫ് തുടങ്ങിയ വില്ല കമ്മ്യൂണിറ്റികളിൽ പുതിയ വിതരണം കുറവായതിനാൽ അവിടെ വാടക കുറയാൻ സാധ്യതയില്ല.
ചുരുക്കത്തിൽ, വാടക നിരക്ക് ഉയരുമെങ്കിലും വിപണിയിൽ പുതിയ വീടുകൾ ലഭ്യമാകുന്നത് വാടകക്കാർക്ക് തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയും വിപണിയെ കൂടുതൽ സുസ്ഥിരമാക്കുകയും ചെയ്യും.
