റഹീം കേസ് ധനസമാഹരണത്തിൽ വ്യാജപ്രചാരണങ്ങൾ തള്ളി റിയാദ് സഹായ സമിതി; കണക്കുകൾ ഉടൻ പുറത്തുവിടും

  1. Home
  2. Global Malayali

റഹീം കേസ് ധനസമാഹരണത്തിൽ വ്യാജപ്രചാരണങ്ങൾ തള്ളി റിയാദ് സഹായ സമിതി; കണക്കുകൾ ഉടൻ പുറത്തുവിടും

saudi arabia


സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിൽ ബാക്കി വന്ന തുകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരെ റിയാദ് നിയമ സഹായ സമിതി രംഗത്ത്. റഹീം കേസിൽ തുടക്കം മുതൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് റിയാദിലെ സഹായ സമിതിയാണെന്നും, കോഴിക്കോട്ടെ ട്രസ്റ്റിന്റെ പക്കലുള്ള തുകയുടേതടക്കമുള്ള കൃത്യമായ കണക്കുകൾ വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ഭാരവാഹികൾ റിയാദിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.

കേസിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും പൊതുജനങ്ങൾ വഞ്ചിതരാകരുതെന്ന് സമിതി അഭ്യർത്ഥിച്ചു. നിലവിൽ ബാക്കിയുള്ള തുക നാട്ടിലെ റഹീം ട്രസ്റ്റിന്റെ കീഴിൽ സുരക്ഷിതമായിട്ടുണ്ടെന്നും, ഈ തുക എപ്രകാരം വിനിയോഗിക്കണമെന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

റഹീമിന്റെ മോചനത്തിനായി അഹോരാത്രം പ്രയത്നിച്ചത് റിയാദിലെ സഹായ സമിതിയായിരുന്നിട്ടും, അദ്ദേഹം ജാമ്യത്തിലിറങ്ങിയപ്പോൾ ചിലർ ഇതിന്റെ ക്രെഡിറ്റ് സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു. യോഗത്തിൽ റിയാദ് സഹായ സമിതി വഴി സ്വരൂപിച്ച തുകയുടെ കണക്കവതരണം നടന്നു. പണം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ വിവിധ കൂട്ടായ്മകളെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സെബിൻ ഇഖ്ബാൽ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.