അൽ ഖിയാദ സിഗ്നൽ കവലയിൽ ആർടിഎയുടെ റോഡ് വികസനം പൂർത്തിയായി
അൽ ഖിയാദ സിഗ്നൽ കവലയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. അൽ ഇത്തിഹാദ് റോഡിൽ നിന്ന് അബൂഹൈൽ, സലാഹുദ്ദീൻ റോഡുകളിലേക്ക് പോകുന്ന ഭാഗത്താണ് പുതിയ വരി ഉൾപ്പെടെയുള്ള വികസന പദ്ധതികൾ നടപ്പാക്കിയത്.നഗരത്തിലെ വർധിച്ചുവരുന്ന ജനസംഖ്യയ്ക്കും ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായി റോഡ് ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.അൽ ഇത്തിഹാദ് റോഡിൽ നിന്ന് അബൂഹൈൽ വഴി സലാഹുദ്ദീൻ റോഡിലേക്ക് ഇടത്തേക്ക് തിരിയുന്നതിനായി ഒരു പുതിയ ലൈൻ കൂടി പുതുതായി നിർമിച്ചു. റോഡരികിലെ പാരലൽ പാർക്കിങ് സ്ഥലങ്ങളും റോഡ് മീഡിയന്റെ ഒരു ഭാഗവും പ്രയോജനപ്പെടുത്തിയാണ് പുതിയ വരി ഒരുക്കിയിരിക്കുന്നത്. ഈ വികസനം വഴി തിരക്കേറിയ സമയങ്ങളിൽ കവലയിലെ വാഹനങ്ങളുടെ കാത്തുനിൽപ്പ് സമയം (വെയ്റ്റിങ് ടൈം) 15 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് ആർടിഎ വ്യക്തമാക്കി. ഇത് പ്രാദേശിക റോഡുകളും പ്രധാന പാതയായ അൽ ഇത്തിഹാദ് റോഡും തമ്മിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കും.
പുതിയ ലൈൻ നിലവിൽ വന്നതോടെ ട്രാഫിക് സിഗ്നലുകളുടെ സമയക്രമത്തിലും ആർടിഎ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റോഡുകളുടെയും നടപ്പാതകളുടെയും പുനരുദ്ധാരണം, കോൺക്രീറ്റ് ബാരിയറുകളുടെ സ്ഥാപനം എന്നിവയും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി.
