ഖത്തർ കെ.എം.സി.സി ഓഫീസിൽ 8 കോടി രൂപയുടെ കവർച്ച; കൊയിലാണ്ടി സ്വദേശി പൊലീസിൽ കീഴടങ്ങി

  1. Home
  2. Global Malayali

ഖത്തർ കെ.എം.സി.സി ഓഫീസിൽ 8 കോടി രൂപയുടെ കവർച്ച; കൊയിലാണ്ടി സ്വദേശി പൊലീസിൽ കീഴടങ്ങി

kmcc


ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ട് കോടി രൂപയോളം കവർച്ച ചെയ്ത കേസിൽ മുഖ്യപ്രതികളിലൊരാൾ പൊലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണനാണ് പിടിയിലായത്. കോഴിക്കോട് കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറു പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

കെ.എം.സി.സി ഖത്തർ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദോഹയിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫീസിലായിരുന്നു സംഭവം. ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം എട്ട് കോടിയിലേറെ ഇന്ത്യൻ രൂപ) കവർന്നെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഭാരവാഹികൾ ഔദ്യോഗികമായി വിശദീകരണം നൽകാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം ഉന്നയിച്ച ചില പ്രവർത്തകരെ കഴിഞ്ഞ മാസം സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ഇത് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.