അബ്ദുൽ റഹിമിന്റെ മോചനത്തിനായി സമാഹരിച്ചത് 48.36 കോടി രൂപ; അക്കൗണ്ടിൽ ഇനിയും 12.83 കോടി രൂപ ബാക്കിയുണ്ടെന്ന് നിയമ സഹായ സമിതി

  1. Home
  2. Global Malayali

അബ്ദുൽ റഹിമിന്റെ മോചനത്തിനായി സമാഹരിച്ചത് 48.36 കോടി രൂപ; അക്കൗണ്ടിൽ ഇനിയും 12.83 കോടി രൂപ ബാക്കിയുണ്ടെന്ന് നിയമ സഹായ സമിതി

abdul raheem


സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹിമിന്റെ മോചനത്തിനായി രൂപീകരിച്ച ജനകീയ സമിതി സമാഹരിച്ച തുകയിൽ 12.83 കോടി രൂപ ഇനിയും ബാക്കിയുള്ളതായി നിയമ സഹായ സമിതി. പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നുമായി ആകെ 48.36 കോടി രൂപയാണ് സമാഹരിച്ചത്. ഇതിൽ ബ്ലഡ് മണി (ദിയാധനം), അഭിഭാഷക ഫീസ് ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക ചെലവുകളും കഴിഞ്ഞുള്ള തുകയാണ് ബാക്കിയുള്ളതെന്ന് സമിതി ഭാരവാഹിയും എം.എൽ.എയുമായ പി.എം.എ സമീർ മാധ്യമങ്ങളോട് പറഞ്ഞു.

വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ നിലവിൽ ഇൻകം ടാക്സ് വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുള്ളതിനാൽ ഈ പണം ഇപ്പോൾ പിൻവലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.ജി.ഒകൾക്ക് ലഭിക്കുന്ന നികുതിയിളവിനായി ട്രസ്റ്റ് നേരത്തെ അപേക്ഷ നൽകിയിട്ടുണ്ട്. ഈ നികുതി ആനുകൂല്യം ലഭിക്കുന്നത് വരെ പണം അക്കൗണ്ടിൽ തന്നെ തുടരും. ഈ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷമെടുക്കുമെന്നും, അതിനുശേഷം ബാക്കി പണം എന്ത് ചെയ്യണമെന്ന് സംയുക്ത യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മിറ്റി അംഗങ്ങളുടെ യാത്രകൾക്കോ മറ്റ് യോഗങ്ങൾക്കോ വേണ്ടി അക്കൗണ്ടിലെ പണം ഉപയോഗിച്ചിട്ടില്ലെന്നും സമിതി വ്യക്തമാക്കി. 2006 ഡിസംബർ മുതൽ സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹിമിന്റെ വധശിക്ഷ, 1.5 കോടി സൗദി റിയാൽ ദിയാധനം നൽകിയാണ് ഒടുവിൽ ഒഴിവാക്കിയത്.