ഡിജിറ്റൽ ചാനലുകൾ വഴി ആർടിഎയ്ക്ക് 530 കോടി ദിർഹം വരുമാനം
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡിജിറ്റൽ ചാനലുകൾ വഴി 530 കോടി ദിർഹം (ഏകദേശം 13,000 കോടിയിലേറെ രൂപ) വരുമാനം നേടി. മുൻവർഷത്തെ അപേക്ഷിച്ച് 20.6 ശതമാനം വളർച്ചയാണ് ഈ രംഗത്തുണ്ടായത്. സ്മാർട്ട് സേവനങ്ങൾ ജനങ്ങൾ വൻതോതിൽ പ്രയോജനപ്പെടുത്തുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് അതോറിറ്റി വ്യക്തമാക്കി.ഡിജിറ്റൽ ചാനലുകൾ വഴി പൂർത്തിയാക്കിയ ഇടപാടുകളുടെ എണ്ണം 13 ശതമാനം വർധിച്ച് 62.8 കോടി കടന്നു. നിലവിൽ വിവിധ ചാനലുകളിലായി 105 ഡിജിറ്റൽ സേവനങ്ങളാണ് അതോറിറ്റി പൊതുജനങ്ങൾക്ക് നൽകുന്നത്. അതോറിറ്റിയുടെ സേവനങ്ങൾക്കായി ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ നിരക്ക് 96 ശതമാനത്തിലെത്തിയപ്പോൾ ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് 98 ശതമാനമായി ഉയർന്നു.സേവനങ്ങൾ വെറുതെ ഡിജിറ്റൽ വൽക്കരിക്കുക എന്നതിനപ്പുറം ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) അടിസ്ഥാനമാക്കിയുള്ള ഒരു സമഗ്ര ഡിജിറ്റൽ വ്യവസ്ഥിതിയാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് സിറ്റിയാക്കി മാറ്റുക എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടിന് കരുത്തുപകരുന്നതാണ് ഈ നേട്ടം. വരും ഘട്ടങ്ങളിൽ കൂടുതൽ അത്യാധുനിക സാങ്കേതികവിദ്യകളും പ്രവചന വിശകലന സംവിധാനങ്ങളും സേവനങ്ങളിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് സർക്കാരിന്റെ ഡിജിറ്റൽ മെച്യൂരിറ്റി സൂചികയിൽ 94 ശതമാനം മാർക്കോടെ ഏറ്റവും ഉയർന്ന നിലവാരമായ 'ലെവൽ 5' സ്വന്തമാക്കാൻ അതോറിറ്റിക്ക് സാധിച്ചു. സ്മാർട്ട് ആപ്പുകൾ വഴിയുള്ള സേവന വിനിയോഗത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധനവുണ്ടായി. 'ആർടിഎ ദുബായ്' ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 12 ലക്ഷം കവിഞ്ഞു. വിവിധ പൊതുഗതാഗത സംവിധാനങ്ങളെ കോർത്തിണക്കുന്ന 'സുഹൈൽ' ആപ്പ് വഴിയുള്ള യാത്രാ ആസൂത്രണങ്ങളും നോൽ കാർഡ് സേവനങ്ങളും വലിയ ജനപ്രീതി നേടി.
