ദുബായിൽ 'താബി' സേവനം എല്ലാ ഡിജിറ്റൽ ചാനലുകളിലേക്കും വ്യാപിപ്പിച്ച് ആർടിഎ
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) വിവിധ സേവന നിരക്കുകളും ട്രാഫിക് പിഴകളും ഗഡുക്കളായി (Instalments) അടയ്ക്കാനുള്ള സൗകര്യം ഇനി കൂടുതൽ എളുപ്പമാകും. മുൻപ് സ്മാർട്ട് കിയോസ്‌കുകളിൽ മാത്രം ലഭ്യമായിരുന്ന പ്രമുഖ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ 'താബി' (Tabby) വഴിയുള്ള ഈ സൗകര്യമാണ് ആർ.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, നൊൾ പേ (nol Pay) ആപ്പ് ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ ചാനലുകളിലേക്കും വ്യാപിപ്പിച്ചത്. ട്രാഫിക് ഫൈനുകൾക്ക് പുറമെ ഡ്രൈവിംഗ് ലൈസൻസ്, വെഹിക്കിൾ രജിസ്ട്രേഷൻ പുതുക്കൽ, പാർക്കിംഗ് ഫീസ്, സാലിക് റീചാർജ് തുടങ്ങി 170-ലധികം സേവനങ്ങൾക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഉപഭോക്താക്കൾക്ക് തുക ഒരൊറ്റത്തവണ അടയ്ക്കുന്നതിന് പകരം അഡീഷണൽ പലിശയോ അധിക ചാർജുകളോ ഇല്ലാതെ 4 മാസത്തെ ഗഡുക്കളായി അടച്ചുതീർക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ദുബായിയുടെ 'ക്യാഷ്‌ലെസ് സ്ട്രാറ്റജി'യുടെ ഭാഗമായി സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നതിനും ഉപഭോക്താക്കൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനുമായാണ് ആർ.ടി.എ ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
