തിരക്കേറിയ റോഡുകളിലെ യാത്ര സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും ആർടിഎ

  1. Home
  2. Global Malayali

തിരക്കേറിയ റോഡുകളിലെ യാത്ര സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും ആർടിഎ

dubai    rta


തിരക്കേറിയ റോഡുകളിലെ യാത്ര സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സ്ഥാപിച്ച ഡൈനാമിക് മെസ്സേജ് സൈൻ എന്ന അത്യാധുനിക ഡിജിറ്റൽ ബോർഡുകൾ വൻ വിജയമാകുന്നു. കൃത്യസമയത്ത് ഡ്രൈവർമാർക്ക് നൽകുന്ന നിർദ്ദേശങ്ങളിലൂടെ നഗരത്തിലെ പ്രധാന പാതകളിൽ യാത്രാസമയത്തിൽ 20 ശതമാനം വരെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. റോഡുകളിലെ അപകടങ്ങൾ, ഗതാഗതക്കുരുക്ക്, മോശം കാലാവസ്ഥാ എന്നിവയെക്കുറിച്ച് നേരത്തെ തന്നെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിലൂടെ വലിയ സുരക്ഷയാണ് ഈ സംവിധാനം ഉറപ്പാക്കുന്നത്.
നിലവിൽ ദുബായിലെ പ്രധാന റോഡ് ശൃംഖലയിലുടനീളമായി 112 ഡിജിറ്റൽ ബോർഡുകളാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം സെന്ററിലെ ഐ-ട്രാഫിക് സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഒരു അപകടമുണ്ടായാൽ അതിന് രണ്ടു കിലോമീറ്റർ മുൻപേ തന്നെ ഡ്രൈവർമാർക്ക് ബോർഡുകളിലൂടെ മുന്നറിയിപ്പ് ലഭിച്ചു തുടങ്ങും. അപകടസ്ഥലത്തിന് അടുത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശവും ദൂരെയുള്ളവർക്ക് സുരക്ഷിതമായ മറ്റ് പാതകളിലേക്ക് മാറാനുള്ള വഴികാട്ടിയായും ഈ ബോർഡുകൾ പ്രവർത്തിക്കുന്നു. ഇത് റോഡുകളിൽ അപകടങ്ങളെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള ഉപഅപകടങ്ങൾ ഒഴിവാക്കാൻ വളരെയധികം സഹായിക്കുന്നുണ്ടെന്ന് ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ സലാ അൽ മർസൂഖി പറഞ്ഞു.ഗതാഗതക്കുരുക്കിന് പുറമെ വിമാനത്താവളം, ദുബായ് മറീന തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താനെടുക്കുന്ന ഏകദേശ സമയം പ്രദർശിപ്പിക്കാനും പ്രത്യേക ബോർഡുകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സംവിധാനം റോഡിലെ തിരക്കും വാഹനങ്ങളുടെ വേഗതയും കാലാവസ്ഥയും നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. 2025-ന്റെ ആദ്യ പകുതിയിൽ മാത്രം ഏതാണ്ട് പതിനേഴായിരത്തിലധികം സന്ദേശങ്ങളാണ് ഈ ബോർഡുകളിലൂടെ ഡ്രൈവർമാർക്ക് നൽകിയത്. മഴയോ മൂടൽമഞ്ഞോ ഉള്ള സമയങ്ങളിൽ ഓട്ടോമാറ്റിക്കായി തന്നെ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകാൻ ഈ സ്മാർട്ട് സാങ്കേതികവിദ്യയ്ക്ക് കഴിയും. ദുബായ് എന്ന സ്മാർട്ട് നഗരത്തിന്റെ സുരക്ഷയും വേഗതയും വർദ്ധിപ്പിക്കുന്നതിൽ വലിയൊരു പങ്കാണ് ഈ ബോർഡുകൾ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്നത്.