നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കാൻ ആർടിഎ; എഴുപതോളം റൂട്ടുകളിൽ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റം
ദുബായിലെ പൊതുഗതാഗത ശൃംഖല കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) നാല് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിക്കുന്നു. ഈ മാസം 9 മുതലാണ് പുതിയ സർവീസുകൾ നിലവിൽ വരിക. പുതിയ റൂട്ടുകൾക്ക് പുറമെ എഴുപതോളം നിലവിലുള്ള റൂട്ടുകളിൽ സമയക്രമത്തിലും സ്റ്റോപ്പുകളിലും പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയങ്ങളിൽ കൂടുതൽ മികച്ച സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയതായി ആരംഭിക്കുന്ന റൂട്ടുകൾ
∙റൂട്ട് 88എ: സത്വ ബസ് സ്റ്റേഷനിൽ നിന്ന് ജുമൈറ 3 ലേക്ക് (രാവിലെ).
∙റൂട്ട് 88ബി: ജുമൈറ 3 യിൽ നിന്ന് സത്വ ബസ് സ്റ്റേഷനിലേക്ക് (വൈകിട്ട്).
∙റൂട്ട് 93എ: സത്വ ബസ് സ്റ്റേഷനിൽ നിന്ന് അൽ വസലിലേക്ക് (രാവിലെ).
∙റൂട്ട് 93ബി: അൽ വസലിൽ നിന്ന് സത്വ ബസ് സ്റ്റേഷനിലേക്ക് (വൈകിട്ട്).
പ്രധാന റൂട്ടുകളിൽ വരുത്തിയ മാറ്റങ്ങൾ
∙റൂട്ട് 13എ: സർവീസ് അൽ മുഹൈസിന 2 (എഴാമത്തെ സ്ട്രീറ്റ്) വരെ നീട്ടി.
∙റൂട്ട് 29: എമിറേറ്റ്സ് ടവർ സ്റ്റോപ്പ് ഒഴിവാക്കി, പകരം മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു.
∙റൂട്ട് 55: ഇന്റർനാഷനൽ സിറ്റിയിലെ ഗ്രീസ് ക്ലസ്റ്റർ വരെ സർവീസ് നീട്ടി.
∙റൂട്ട് എഫ്39: ഔദ് അൽ മുതീന പ്രദേശം കൂടി ഉൾപ്പെടുത്തി റൂട്ട് വിപുലീകരിച്ചു.
∙റൂട്ട് 18: അൽ നഹ്ദ പോണ്ട് പാർക്ക്, എം.എസ്.ബി പ്രൈവറ്റ് സ്കൂൾ എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു.
∙റൂട്ട് ഇ100, ഇ201: മാക്സ് മെട്രോ സ്റ്റേഷനിലെ സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിലേക്ക് മാറ്റി.
