കള്ള ടാക്സികളെ കൂട്ടത്തോടെ കുടുക്കാൻ ആർടിഎ
കള്ള ടാക്സികൾക്കെതിരെ പരിശോധന കർശനമാക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. ലൈസൻസില്ലാത്ത ടാക്സികളിൽ കയറുന്നവർ അതിലെ അപകടത്തെക്കുറിച്ചു കൂടി ബോധവാന്മാരാകണമെന്ന് ആർടിഎ ആവശ്യപ്പെട്ടു.അംഗീകൃത ടാക്സികൾക്കു പകരം കള്ള ടാക്സികളിൽ യാത്ര ചെയ്തവർ വിവിധ രീതിയിൽ ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ട്. യാത്രക്കാരെ കബളിപ്പിക്കുക, കവർച്ച, ദേഹോപദ്രവം, ഭീഷണികൾ എന്നിവയ്ക്ക് യാത്രക്കാർ വിധേയരായതിന്റെ പരാതികൾ നിലവിലുണ്ടെന്നും ആർടിഎ അറിയിച്ചു.
യാത്രക്കാരുടെ പൂർണ സുരക്ഷ ഉറപ്പാക്കുന്ന സ്മാർട് നിരീക്ഷണ സംവിധാനം ആർടിഎ ടാക്സികളിലുണ്ട്. നിരക്കുകളിൽ ചാഞ്ചാട്ടമോ അനധികൃത ഇടപാടുകളോ ഉണ്ടാകില്ല. സമാന്തര ടാക്സികൾ ഓടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും 5000 ദിർഹം പിഴ ചുമത്തുമെന്നും ആർടിഎ അറിയിച്ചു.
