സലാല എയറും ആകാശ എയറും കരിപ്പൂരിലേക്ക്; ഒക്ടോബർ മുതൽ പുതിയ സർവീസുകൾ ആരംഭിക്കും
കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശ എയറും. ഒക്ടോബർ 31 മുതൽ സലാല എയറും ഒക്ടോബർ 25 മുതൽ ആകാശ എയറും കരിപ്പൂരിൽ നിന്ന് സർവീസുകൾ ആരംഭിക്കും. സലാല, ജിദ്ദ എന്നിവിടങ്ങളിലേക്കാണ് സലാല എയർ സർവീസ് നടത്തുന്നത്.
സലാല എയറിന്റെ സർവീസ് ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 12.05-ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് സലാലയിലെത്തും. തുടർന്ന് സലാലയിൽ നിന്ന് 6.30-ന് പുറപ്പെട്ട് രാത്രി 12.30-ഓടെ കരിപ്പൂരിലെത്തും. റിയാദിലേക്കാണ് ആകാശ എയറിന്റെ പുതിയ സർവീസ്. ബെംഗളൂരു സർവീസിന്റെ റൊട്ടേഷൻ സർവീസായാണ് റിയാദ് വിമാനം സർവീസ് നടത്തുക.
അതേസമയം, ഇൻഡിഗോ എയർ കരിപ്പൂർ - ജിദ്ദ സർവീസിനായി വലിയ വിമാനമായ എയർബസ് എ 321 നിയോ ഉപയോഗിക്കാൻ തീരുമാനിച്ചു. ഒക്ടോബർ ഒന്നു മുതൽ 186 പേർക്ക് യാത്ര ചെയ്യാവുന്ന എ 320 വിമാനത്തിന് പകരം 232 പേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനമായിരിക്കും സർവീസിന് ഉപയോഗിക്കുക.
