സൗദിയിൽ കോഫി, ഡാർക്ക് ചോക്കലേറ്റ് ഉൽപന്നങ്ങൾക്ക് വിലക്ക്
നിരോധിത രാസവസ്തുവായ നോർടഡലാഫിൽ കണ്ടെത്തിയതിനെ തുടർന്ന് ഔഷധസസ്യമായ ജിൻസെങ് ചേർത്ത ചില കോഫി, ഡാർക്ക് ചോക്കലേറ്റ് ഉൽപന്നങ്ങൾ വിപണിയിൽനിന്നു പിൻവലിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. പാർസ കോഫി, ബിന്റാൻ സ്കൈ (ജിൻസെങ് ചേർത്ത കോഫി), പാർസ ചോക്കോ (ജിൻസെങ് ചേർത്ത ഡാർക്ക് ചോക്കലേറ്റ്) എന്നീ ബ്രാൻഡുകളുടെ 100 ഗ്രാം പാക്കറ്റുകളിലുള്ള എല്ലാ ബാച്ചുകളും പിൻവലിക്കാനാണ് അതോറിറ്റിയുടെ നിർദേശം.ഉപഭോക്താക്കൾ ഈ ഉൽപന്നങ്ങൾ ഉടൻ ഉപയോഗിക്കുന്നത് നിർത്തുകയും കൈവശമുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്നും അറിയിച്ചു. പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് ഇവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്ത കമ്പനികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
