ഹജ് യാത്ര: 6 വിഭാഗങ്ങളെ അയോഗ്യരായി പ്രഖ്യാപിച്ച് സൗദി സർക്കാർ
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഹജ് യാത്രയ്ക്ക് അനുമതി നൽകില്ലെന്നു സൗദി സർക്കാർ. ഗുരുതര രോഗങ്ങളോ മാനസിക ബുദ്ധിമുട്ടുകളോ ഉള്ളവർ, മറവിരോഗം ബാധിച്ചവർ, പകരാൻ സാധ്യതയുള്ള രോഗങ്ങളുള്ളവർ, ഗുരുതരാവസ്ഥയിലുള്ള അർബുദ രോഗികൾ തുടങ്ങി 6 വിഭാഗങ്ങളെയാണു സൗദി ഹജ് മന്ത്രാലയം ഹജ് യാത്രയ്ക്ക് അയോഗ്യരായി പ്രഖ്യാപിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് നേരത്തെയും നിയന്ത്രണങ്ങളുണ്ടെങ്കിലും വ്യക്തമായ നിർദേശങ്ങൾ വരുന്നത് ആദ്യമാണ്.പുതിയ മാനദണ്ഡപ്രകാരം ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികൾ, ഗുരുതര ഹൃദ്രോഗമുള്ളവർ, ഇടയ്ക്കോ തുടർച്ചയായോ ഓക്സിജൻ പിന്തുണ ആവശ്യമുള്ള ശ്വാസകോശ രോഗികൾ, ഗുരുതരാവസ്ഥയിലുള്ള കരൾ രോഗികൾ, മറവി രോഗികൾ, കീമോതെറപ്പി ചികിത്സയിലുള്ളവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരോ ആയ അർബുദ രോഗികൾ എന്നിവർക്ക് ഹജ്ജിനു പോകാനാവില്ല. യാത്രാസമയത്ത് 28 ആഴ്ച പൂർത്തിയായവരോ ഉയർന്ന അപകട സാധ്യതയുള്ളവരോ ആയ ഗർഭിണികൾക്കും അയോഗ്യതയുണ്ട്.
