തൊഴിൽ മേഖലയിൽ കടുത്ത നിയന്ത്രണങ്ങളുമായി സൗദി; യോഗ്യതയില്ലാത്തവരെ പുറത്താക്കും
സൗദി അറേബ്യയിലെ തൊഴിൽ മേഖലയിൽ ആരോഗ്യവും യോഗ്യതയും കർശനമാക്കി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. തൊഴിൽപരമായ യോഗ്യത ഇല്ലാത്തവരും നിശ്ചിത ആരോഗ്യക്ഷമത പുലർത്താത്തവരുമായ ജീവനക്കാർക്കു ജോലിയിൽ തുടരാനാകില്ലെന്നു മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കി. മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ തൊഴിൽ അന്തരീക്ഷം കൂടുതൽ സുരക്ഷിതമാക്കും.പുതിയ ജോലികളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ സംബന്ധിച്ച പരിശോധന പൂർത്തിയാക്കണം. നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത ജീവനക്കാർക്ക് യോഗ്യമായ മറ്റൊരു ജോലി നൽകണം. ഇതിനായി കൂടുതൽ വൈദ്യപരിശോധനകൾക്കു അവസരമൊരുക്കും. പരിക്കുകൾ, രോഗങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തണം. രാജ്യത്തെ തൊഴിൽ മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണു ലക്ഷ്യം.
