ഗസ്സയിൽ സൗദി പ്രസവാശുപത്രി തുറന്നു

ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിൽ ദുരിതം നേരിടുന്ന ഗസ്സയിലെ ജനങ്ങളെ സഹായിക്കാൻ സൗദി അറേബ്യയുടെ പുതിയ പദ്ധതികൾ. ഗസ്സ സിറ്റിയിലെ അൽ റിമാൽ ഭാഗത്ത് പേഷ്യന്റ് ഫ്രണ്ട്‌സ് ബെനവലന്റ് സൊസൈറ്റി ആശുപത്രിയോട് ചേർന്ന് സൗദിയുടെ ചാരിറ്റി ഏജൻസി കെ.എസ്. റിലീഫ് പ്രസവ ആശുപത്രി തുറന്നു. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യ നിധിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഗസ്സ സിറ്റിയിൽ 1980ൽ സ്ഥാപിതമായ പേഷ്യന്റ് ഫ്രണ്ട്‌സ് ബെനവലന്റ് സൊസൈറ്റി ആശുപത്രി 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേൽ സേനയുടെ വിനാശകരമായ ആക്രമണങ്ങൾക്കിടയിലും പ്രദേശത്ത് ബാക്കിയായ ചുരുക്കം ചില ആശുപത്രികളിൽ ഒന്നാണ്. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും അവർക്ക് ലഭ്യമായ ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അത് നിലനിർത്തുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് കെ.എസ്. റിലീഫ് വക്താവ് പറഞ്ഞു.
ഇത് കൂടാതെ ഫലസ്തീൻ അതോറിറ്റിക്ക് മൂന്നു കോടി ഡോളറിന്റെ ധനസഹായവും കൂടി നൽകി. കഴിഞ്ഞ വർഷം വരെ 500 കോടി ഡോളർ നൽകിയിരുന്നു. സൗദിയുടെ സഹായം ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ നിലനിർത്തുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക പങ്കുവഹിച്ചതായി ഫലസ്തീൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സൗദിയുടെ തുടർച്ചയായ സാമ്പത്തിക സഹായം ഫലസ്തീൻ ജനതയുടെ ബഹുമുഖമായ പുരോഗതിക്ക് ഏറെ ഫലം ചെയ്തു.ഗസ്സയിലെ വിവിധ ആശുപത്രികൾ നടത്തുന്നതിനും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിനും സ്‌കൂളുകൾ തുറന്നിടുന്നതിനും മറ്റു അവശ്യസേവനങ്ങൾ നൽകുന്നതിനുമുള്ള ചെലവുകൾ വഹിക്കാൻ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളുടെ വിവിധ രീതിയിലുള്ള സഹായങ്ങൾ ഏറെ ഉപകരിക്കുന്നതായി ഫലസ്തീൻ അതോറിറ്റി വ്യക്തമാക്കി.