അറഫാ പ്രഭാഷണം ലോകമെമ്പാടും എത്തിക്കാൻ സൗദി; ഇത്തവണ സംപ്രേഷണം 35 ഭാഷകളിൽ

  1. Home
  2. Global Malayali

അറഫാ പ്രഭാഷണം ലോകമെമ്പാടും എത്തിക്കാൻ സൗദി; ഇത്തവണ സംപ്രേഷണം 35 ഭാഷകളിൽ

hajj


ഹജ് കർമങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിലെ ഖുതുബ (പ്രഭാഷണം) ലോകത്തിലെ 35 ഭാഷകളിൽ വിവർത്തനം ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യാൻ സൗദി അറേബ്യ ഒരുങ്ങുന്നു. നമിറ മസ്ജിദിൽ നടക്കുന്ന പ്രഭാഷണം ഹറം മതകാര്യ വകുപ്പിന്റെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും ചാനലുകളിലൂടെയുമാണ് ആഗോളതലത്തിൽ ലഭ്യമാക്കുക.
അറബി ഭാഷ അറിയാത്ത ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളിലേക്ക് നേരിട്ടെത്തിക്കുക എന്നതാണ് ഈ ബൃഹദ് പദ്ധതിയുടെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യകളുടെയും മാധ്യമ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് ചരിത്രപരമായ ഈ വിവർത്തന പദ്ധതി നടപ്പിലാക്കുന്നതെന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് അറിയിച്ചു. മുൻവർഷങ്ങളിലെ അനുഭവസമ്പത്ത് മുൻനിർത്തി, തികച്ചും പ്രൊഫഷണൽ രീതിയിലാണ് ഇത്തവണ വിവർത്തനത്തിനുള്ള വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

മാനവികതയുടെയും കാരുണ്യത്തിന്റെയും സാർവത്രിക തത്വങ്ങൾ ഉൾക്കൊള്ളുന്ന അറഫാ സന്ദേശം ലോകത്തിന്റെ എല്ലാ കോണുകളിലും ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും, ഹജ് തീർഥാടനത്തിന്റെ ആഗോള സ്വാധീനം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.