അൽ-ഖർജ് സുരക്ഷിതം: ജാഗ്രത തുടരണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

  1. Home
  2. Global Malayali

അൽ-ഖർജ് സുരക്ഷിതം: ജാഗ്രത തുടരണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

saudi


അൽ-ഖർജ് ഗവർണറേറ്റിൽ നിലനിന്നിരുന്ന അടിയന്തിര സാഹചര്യങ്ങളും അപകടസാധ്യതകളും ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. എങ്കിലും പൊതുജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങളും മാർഗ്ഗരേഖകളും തുടർന്നും കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സുരക്ഷ മുൻനിർത്തി ആളുകൾ കൂട്ടംകൂടി നിൽക്കാനോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനോ ശ്രമിക്കരുത്. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ഉടൻ ‘911’ എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു.നാഷനൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം (ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനം) നേരത്തെ തന്നെ പ്രദേശവാസികൾക്ക് ആവശ്യമായ മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിരുന്നു. പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദ്ദേശങ്ങൾ പിന്തുടരുക, ജനലുകളിൽ നിന്ന് മാറി കെട്ടിടങ്ങൾക്കുള്ളിലെ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടുക, അപകടം ഒഴിഞ്ഞതായുള്ള ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ പുറത്തിറങ്ങാതിരിക്കുക എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.

തുറസ്സായ സ്ഥലങ്ങൾ, ഗ്ലാസ് നിർമിതികൾ, ബാൽക്കണികൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. പുറത്തായിരിക്കുന്ന സാഹചര്യത്തിൽ തൊട്ടടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലോ ശക്തമായ മറവുകളിലോ അഭയം കണ്ടെത്തണം. അപകടകരമായ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും കൂട്ടംകൂടി നിന്ന് ചിത്രങ്ങൾ പകർത്തുന്നത് ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു.

വാഹനം ഓടിക്കുന്നതിനിടയിലാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ പാലങ്ങൾ, ഉയർന്ന കെട്ടിടങ്ങൾ എന്നിവയിൽ നിന്ന് മാറി റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തണം. എന്തെങ്കിലും അപകടങ്ങളോ അസാധാരണ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അംഗീകൃത അടിയന്തിര നമ്പറുകളിൽ റിപ്പോർട്ട് ചെയ്യണം. ഔദ്യോഗിക ചാനലുകൾ വഴി വരുന്ന നിർദ്ദേശങ്ങൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുക.