സൗദിയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ ‘ലാൻഡ് ബ്രിഡ്ജ്’ റെയിൽ പദ്ധതി
സൗദിയിലെ പ്രധാന നഗരങ്ങളെ അത്യാധുനിക റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ പ്രദേശങ്ങൾ തമ്മിലുള്ള വ്യാപാരവും യാത്രയും വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏഴ് ബില്യൺ ഡോളറിന്റെ ‘ലാൻഡ് ബ്രിഡ്ജ്’ പദ്ധതി നടപ്പിലാക്കാൻ പോകുന്നു. റിയാദിനും ജിദ്ദയ്ക്കും ഇടയിൽ ഏകദേശം 900 കിലോമീറ്റർ നീളുന്ന റെയിൽവേ ലൈനിലൂടെ ബസ് യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് ട്രെയിനിൽ നാല് മണിക്കൂറിൽ താഴെയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
‘ലാൻഡ് ബ്രിഡ്ജ്’ ജിദ്ദയെ റിയാദ് വഴി ദമ്മാമിനെ ഏകദേശം 1,500 കിലോമീറ്റർ റെയിൽവേ ലൈൻ വഴി ബന്ധിപ്പിക്കുന്നതും പദ്ധതിയിലുൾപ്പെടുന്നു. മേഖലയിലെ ഒരു സുപ്രധാന ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കമാണിത്. സൗദി നഗരങ്ങൾക്കിടയിലും ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഈ പദ്ധതി വലിയ പരിവർത്തനം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഗൾഫ്, അറബ് മേഖലകൾക്കായുള്ള ഒരു പ്രധാന ഗതാഗത കേന്ദ്രമാക്കി സൗദിയെ മാറ്റാൻ ലക്ഷ്യമിടുന്ന വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ റെയിൽവേ വികസനം. റെയിൽ ശൃംഖലയുടെ ദൈർഘ്യം 5,300 കിലോമീറ്ററിൽ നിന്ന് 8,000 കിലോമീറ്ററിലധികം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ വരുന്നതാണ് ഈ വമ്പൻ പദ്ധതി. രാജ്യത്തിന്റെ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും അയൽ ഗൾഫ് രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതിനും ഇത് സംഭാവന ചെയ്യും.
